ആലുവ: ഓഫീസുകളിൽ പോകാതെ തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് പൊതുജനങ്ങൾക്ക് എല്ലാ സേവനവും ലഭിക്കുന്ന സംവിധാനം രണ്ടു വർഷത്തിനകം പൂർണമാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. അതിനായി ഏകീകൃത സംവിധാനമായ കെ സ്മാർട്ട് കുറ്റമറ്റരീതിയിൽ സജീവമാക്കുമെന്നും മന്ത്രി പറഞ്ഞു.
കടുങ്ങല്ലൂർ പഞ്ചായത്തിൽ 2.5 കോടി രൂപ ചെലവഴിച്ച് നവീകരിച്ച ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രി പി. രാജീവ് അദ്ധ്യക്ഷനായി. പഞ്ചായത്തിന്റെ അഞ്ചുവർഷത്തെ വികസനരേഖ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പ്രകാശനംചെയ്തു. തദ്ദേശസ്വയംഭരണവകുപ്പ് ജോ. ഡയറക്ടർ വിധു എ. മേനോൻ, പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, സെക്രട്ടറി ജോസ് ഷിനോയ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യാ തോമസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.വി. രവീന്ദ്രൻ, യേശുദാസ് പറപ്പിള്ളി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി എന്നിവർ സംസാരിച്ചു.
എടയാർ സുഡ്‌കെമി ഇന്ത്യ ലിമിറ്റഡ് വൈസ് പ്രസിഡന്റ് സജി വി. മാത്യു, സി.എം.ആർ.എൽ ജന. മാനേജർ മനോഹർദാസ്, എടയാർ വ്യവസായ അസോസിയേഷൻ പ്രതിനിധി സോജൻ ജോസഫ്, സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ ഡയറക്ടർ കെ.വി. പ്രദീപ്കുമാർ, മുഖ്യമന്ത്രിയുടെ മെഡലിന് അർഹനായ ബിനാനിപുരം പൊലീസ് ഇൻസ്‌പെക്ടർ വി.ആർ. സുനിൽ, ഫെഡറൽബാങ്ക് മുപ്പത്തടം ബ്രാഞ്ച് മാനേജർ അരുൺ ജോസ് എന്നിവരെ ആദരിച്ചു.