പറവൂർ: സി.പി.ഐ പറവൂർ, കളമശേരി മണ്ഡലങ്ങളിലെ വിഭാഗീയതയെ തുടർന്ന് നേതാക്കളടക്കം അമ്പതോളം പേർ സി.പി.എമ്മിലേക്ക്. സി.പി.ഐയുടെ മുതിർന്ന നേതാവായിരുന്ന കെ.സി. പ്രഭാകരന്റെ മകളും മുൻ പറവൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ രമ ശിവശങ്കൻ, ജില്ലാ പഞ്ചായത്ത് അംഗവും കളമശേരി മണ്ഡലം മുൻ സെക്രട്ടറിയുമായ കെ.വി. രവീന്ദ്രൻ, പാറക്കടവ് ബ്ളോക്ക് പഞ്ചായത്ത് അംഗവും പറവൂർ മണ്ഡലം മുൻ കമ്മിറ്റി അംഗവുമായ ഷെറൂബി സെലസ്റ്റിൻ എന്നിവരടക്കമാണ് പാർട്ടി വിടുന്നത്.

കെ.വി. രവീന്ദ്രൻ ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവച്ചു. ഷെറൂബി സെലസ്റ്റിൻ ബ്ളോക്ക് പഞ്ചായത്ത് അംഗത്വം ഇന്ന് രാജിവയ്‌ക്കും.

ജില്ലയിൽ സി.പി.ഐയുടെ ശക്തികേന്ദ്രമായ പറവൂരിൽ ഏറെനാളായുള്ള വിഭാഗീയത മുൻ ജില്ലാ സെക്രട്ടറി പി. രാജുവിന്റെ മരണവുമായി ബന്ധപ്പെട്ടാണ് രൂക്ഷമായത്. പറവൂർ നിയോജക മണ്ഡലം മുൻ സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം ബോർഡ് അംഗവുമായ കെ.പി. വിശ്വനാഥനടക്കം പതിനെട്ട് നേതാക്കൾക്കെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. ഈക്കൂട്ടത്തിൽ രമ ശിവശങ്കരനെതിരെയും നടപടിയുണ്ടായി. നടപടിക്ക് വിധേയരായ മുഴുവൻ പേരും പാർട്ടി വിടുന്നില്ല. കേരള കോൺഗ്രസ് മാണി വിഭാഗത്തിൽ നിന്നുള്ളവരും സി.പി.എമ്മിൽ ചേരുന്നുണ്ട്.

സി.പി.എം ഇന്ന് വൈകിട്ട് 5ന് പറവൂർ നമ്പൂരിയച്ചൻ ആലിന് സമീപം പാർട്ടിൽ ചേരുന്നവർക്കായി സ്വീകരണ സമ്മേളനം സംഘടിപ്പിച്ചിട്ടുണ്ട്. സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ്, സംസ്ഥാന കമ്മിറ്റി അംഗം എസ്. ശർമ്മ, ഏരിയ സെക്രട്ടറി ടി.വി. നിധിൻ തുടങ്ങിയവർ പങ്കെടുക്കും.