കൊച്ചി: കേരളത്തിൽ ആദ്യമായി ശസ്ത്രക്രിയ ഇല്ലാതെ കത്തീറ്റർ കുഴൽ മാത്രം ഉപയോഗിച്ച് ഫോണ്ടൻ ചികിത്സ വിജയകരമായി പൂർത്തിയാക്കി ആസ്റ്റർ മെഡ്സിറ്റി. ജന്മനാ ഹൃദ്രോഗം ബാധിച്ച രണ്ട് കുട്ടികളിലായിരുന്നു ചികിത്സ.
ആരോഗ്യമുള്ള വ്യക്തികളിൽ ഹൃദയത്തിൽ നാല് അറകളുണ്ടാകും - മുകളിലും താഴെയും രണ്ടെണ്ണം വീതം. ഹൃദയത്തിന്റെ താഴ്ഭാഗത്ത് ഒരു അറയുമായി മാത്രം ജനിക്കുന്ന കുട്ടികളിലാണ് സാധാരണ ഫോണ്ടൻ ശസ്ത്രക്രിയ ആവശ്യമായുള്ളത്. ശസ്ത്രക്രിയയും രക്തനഷ്ടവും ഇല്ലാതെ തന്നെ ചികിത്സ പൂർത്തിയാക്കാൻ കഴിഞ്ഞത് നേട്ടമാണെന്ന് അധികൃതർ അറിയിച്ചു.
ഹൃദയത്തിൽ നിന്ന് ശ്വാസകോശത്തിലേക്കുള്ള രക്തയോട്ടം തടസപ്പെട്ട നിലയിലായിരുന്നു ഇടുക്കി സ്വദേശിനിയുടെ ജനനം. രക്തയോട്ടം തടസപ്പെട്ട ഭാഗത്ത് ഒരു കത്തീറ്റർ കടത്തിവിട്ട് രക്തയോട്ടം സാദ്ധ്യമാക്കുകയാണ് ചെയ്തത്. ചികിത്സ വിജയകരമായി പൂർത്തിയാക്കി അഞ്ചാം ദിവസം കുട്ടി ആശുപത്രി വിട്ടു. രണ്ട് മാസങ്ങൾക്ക് ശേഷം നടത്തിയ പരിശോധനയിൽ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ വിലയിരുത്തി.
എറണാകുളം ജില്ലയിൽ നിന്നുള്ള നാലരവയസുകാരനും ഇതേ ചികിത്സയിലൂടെ രോഗമുക്തി നേടി.