കൊച്ചി: സീബ്രാലൈൻ മാഞ്ഞുപോയ നഗരത്തിലെ പ്രധാന നിരത്തുകളിൽ കാൽനടയാത്ര നരകതുല്യം. ഏറ്റവുമധികം തിരക്കുള്ള എം.ജി റോഡിലും ചിറ്റൂർ, ബാനർജി റോഡുകളിലും മിക്കയിടത്തും സീബ്രാലൈൻ മാഞ്ഞിട്ട് നാളേറെയായി.

വ്യക്തമായ സീബ്രാലൈനിൽ പോലും കാൽനടയാത്രക്കാരെ കണ്ടാൽ വാഹനം നിറുത്തിക്കൊടുക്കാത്തവരാണ് ഡ്രൈവർമാരിലേറെയും. അതിനിടെ പകുതിമാഞ്ഞതും അവ്യക്തവുമായ വരയിലൂടെ ജീവൻ മരണ പോരാട്ടം പോലെയാണ് ആളുകൾ റോഡ് മുറിച്ചുകടക്കുന്നത്. സീബ്രാലൈനിൽ കാൽനടയാത്രക്കാരനെ കണ്ടാൽ തുടർച്ചയായി ഹോൺ മുഴക്കി അമിതവേഗത്തിൽ വാഹനമോടിച്ചുകയറ്റുന്നത് ഡ്രൈവർമാർക്ക് ഹോബി പോലെയാണ്. സ്വകാര്യ ബസുകളും ഇരുചക്ര വാഹനങ്ങളുമാണ് ഇക്കാര്യത്തിൽ മുൻപന്തിയിലുള്ളത്. സീബ്രാലൈനിൽ കാൽനടയാത്രക്കാരുണ്ടെങ്കിൽ തൊട്ടുമുമ്പുള്ള സ്റ്റോപ്പ് ലൈനിൽ വാഹനം നിറുത്തണമെന്നാണ് നിയമം. എന്നാൽ പ്രധാന ജംഗ്ഷനുകളിലെ ട്രാഫിക് സിഗ്നലുകളോട് ചേർന്ന സീബ്രാക്രോസിൽ പോലും ഇത് പാലിക്കാറില്ല.

പൊതുനിരത്തിൽ ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട സിഗ്നലുകൾ ഉറപ്പാക്കുന്നതിന് റോഡ് സേഫ്റ്റി അതോറിട്ടി മുതൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ വരെ ഉത്തരവാദികൾ. ദേശിയപാതയിൽ ദേശിയപാത അതോറിട്ടി ഒഫ് ഇന്ത്യ, സംസ്ഥാന ഹൈവേകളിൽ പൊതുമരാമത്ത് വകുപ്പ്, ജില്ല - ഗ്രാമീണ റോഡുകളിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവരാണ് സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കേണ്ടത്. എന്നാൽ ഒരിക്കൽ അറ്റകുറ്റപ്പണി കഴിഞ്ഞ് റോഡ് മാർക്കുകൾ വരച്ചുകഴിഞ്ഞാൽ പിന്നീട് അധികൃതർ തിരിഞ്ഞുനോക്കാറില്ല. അറ്റകുറ്റപ്പണിയുടെ ഗ്യാരന്റി പീരിയഡ് തീരും വരെ വരകളും സിഗ്നലുമെല്ലാം പരിപാലിക്കേണ്ടത് കരാറുകാരന്റെ ചുമതലയാണെന്നാണ് അധികൃതരുടെ വിശദീകരണം.

നിരത്തുകളിൽ ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ജില്ല കളക്ടർ അദ്ധ്യക്ഷനായുള്ള ജില്ലാതല റോഡ് സുരക്ഷാ അതോട്ടിയാണ്. എല്ലാ മാസവും റോഡ് സുരക്ഷാ അതോറിട്ടി മീറ്റിംഗ് കൂടി എല്ലാം ഭദ്രമെന്ന് റിപ്പോർട്ട് എഴുതി പിരിയുന്നതല്ലാതെ നിജസ്ഥിതി പരിശോധിക്കാറില്ല.

 ഹൈക്കോടതി ഇടപെട്ടിട്ടും കുലുക്കമില്ല

സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലും കവലകളിലും സീബ്ര ക്രോസിംഗുകൾ ശാസ്ത്രീയമായി വരച്ച് മികച്ച രീതിയിൽ കൈകാര്യം ചെയ്യണമെന്ന് ട്രാഫിക് ഐ.ജി, പൊതുമരാമത്ത് സെക്രട്ടറി, ഗതാഗത കമ്മിഷണർ എന്നിവർക്ക് കഴിഞ്ഞദിവസം കേരള ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ആദ്യനടപടി റിപ്പോർട്ട് ഓക്ടോബർ 23ന് സമർപ്പിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബഞ്ച് നിർദ്ദേശിച്ചു. സീബ്രലൈൻ ഇല്ലാത്തതും ഉള്ളിടത്ത് തന്നെ വാഹനങ്ങൾ ഇവ അവഗണിക്കുന്നതിനാലും കാൽനടയാത്രക്കാർ അപകടത്തിൽപ്പെടുന്നതും പരിഗണിച്ചായിരുന്നു കോടതി ഇടപെടൽ.

എറണാകുളം നഗരത്തിലെ തിരക്കുള്ള ഭാഗങ്ങളിൽ റെയ്സ്ഡ് ലവൽ ക്രോസുകളാണ് ആവശ്യം ( ഉയർത്തി നിർമ്മിക്കുന്ന ലവൽ ക്രോസ്). എങ്കിൽ മാത്രമേ വാഹനങ്ങൾ നിറുത്തി കാൽനടയാത്രക്കാർക്ക് കടന്നുപോകാൻ അവസരമുണ്ടാകൂ

ഉപേന്ദ്ര നാരായണൻ,

റോഡ് സുരക്ഷ വിദഗ്ധൻ