കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിൽ പുതിയ ക്ഷേത്രോപദേശക സമിതിയെ തിരഞ്ഞെടുക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിന് ഹൈക്കോടതി അനുമതി നൽകി. തിരഞ്ഞെടുപ്പിന് 2023 മെയ് 12 ന് പുറപ്പെടുവിച്ച ഇടക്കാല സ്റ്റേ നീക്കിക്കൊണ്ടാണ് അനുമതി. ഇക്കാര്യത്തിൽ എറണാകുളം ക്ഷേത്രക്ഷേമ സമിതി ഉയർത്തിയ എതിർപ്പ് തള്ളിയാണ് ജസ്റ്റിസ് വി.രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്.
ഗുരുതരമായ ആരോപങ്ങളാണ് സമിതിക്കെതിരെയുളളതെന്നും 2016 മുതൽ 2021 വരെയുള്ള കണക്കുകൾ ദേവസ്വം ഓഡിറ്റിനോ ലോക്കൽ ഫണ്ട് ഓഡിറ്റിനോ വിധേയമാക്കിയിട്ടില്ലെന്നും അതിനാൽ സമിതിയെ ഒരു കാരണവശാലും ക്ഷേത്ര നടത്തിപ്പിൽ പങ്കാളിയാക്കാനാകില്ലെന്നും കോടതി പറഞ്ഞു. ക്ഷേത്രക്കുളം, കെട്ടിടം എന്നിവയുടെ പുനരുദ്ധാരണ ജോലികളാണ് മുൻപ് സമിതിയെ ഏൽപ്പിച്ചത്.
സമിതിയുടെ ബൈലാ പ്രകാരം സമിതിയിൽ അംഗങ്ങളാകാൻ നിലവിലെ ഭാരവാഹികളുടെ അനുമതി വേണം. ദേവസ്വം ബോർഡ് നിയമത്തിന് വിരുദ്ധമാണിത്. സമിതി ഒരു ക്ലബ് പോലെ പ്രവർത്തിക്കുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടായതെന്നും കോടതി വിലയിരുത്തി. എറണാകുളത്തപ്പന് ഒരടി മണ്ണ് എന്ന പദ്ധതിയിലൂടെ സമാഹരിച്ച പണം കൊണ്ട് വാങ്ങിയ ഗ്രൗണ്ടിന്റെ ഉടമയായി സമിതിയെ ഉൾപ്പെടുത്തിയതിൽ ബെഞ്ച് അതൃപ്തി പ്രകടിപ്പിച്ചു. ഭൂമി വാങ്ങിയതിന്റെ രേഖകളും ഓഡിറ്റിന് കൈമാറിയില്ല.
ക്ഷേത്രഭൂമിയുടെ ഉടമസ്ഥത സ്വകാര്യ അസോസിയേഷനുമായി പങ്കുവെച്ചത് ന്യായീകരിക്കാനാകില്ല. വിശദമായ അന്വേഷണവും ആവശ്യമാണ്. ഇക്കാര്യം നിലവിൽ കോടതിയുടെ പരിഗണനയിലുണ്ട്.
2023 സെപ്തംബറിൽ തന്നെ എറണാകുളം ക്ഷേത്ര ക്ഷേമ സമിതിയുടെ കാലാവധി കഴിഞ്ഞതാണ്. ക്ഷേത്രോപദേശക സമിതിയായി അംഗീകരിക്കണമെന്ന ആവശ്യം ദേവസ്വം ബോർഡ് തള്ളിയിരുന്നു. അതിനാൽ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം നീട്ടിവെയ്ക്കാനാകില്ലെന്നും കോടതി പറഞ്ഞു. നിയമനടപടികൾ തുടരുമെന്ന് എറണാകുളം ക്ഷേത്ര ക്ഷേമ സമിതി മുൻപ്രസിഡന്റ് കെ.രാജേന്ദ്രപ്രസാദ് പറഞ്ഞു.