ph
കാലടി ടൗണിലെ ഗതാഗതക്കുരുക്ക്

കാലടി: കാലടിയിലെ ഗതാഗത പ്രതിസന്ധിക്ക് ഇനിയും ശമനമാകുന്നില്ല. ഗതാഗതക്കുരുക്കിൽപ്പെട്ട് നഗരം പലപ്പോഴും നിശ്ചലമാകുന്ന അവസ്ഥയാണ്. പ്രശ്നം പരിഹരിക്കുന്നതിൽ പഞ്ചായത്ത് ഭരണം പൂർണ പരാജയമെന്നാണ് ആക്ഷേപം. ഇരു ചക്രവാഹനങ്ങൾക്കുപോലും സുഗമമായി സഞ്ചരിക്കാവുന്ന റോഡുകൾ ഇല്ലാത്തതാണ് പ്രധാന ദുര്യോഗം. ഷോപ്പിംഗ് കോംപ്ളക്സിന്റെ പേരിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡ് അടച്ചു പൂട്ടിയതോടെ ബസുകളും യാത്രക്കാരും പെരുവഴിയിലായ അവസ്ഥയാണ്.

സർക്കാർ അനുവദിച്ച പദ്ധതി ഫണ്ട് ചിലവഴിക്കാതെ പഞ്ചായത്ത് ലാപ്സാക്കിയതായി കാലടിയിലെ എൽ.ഡി.എഫ് നേതൃത്വം ആരോപിക്കുന്നു. പദ്ധതി നിർവഹണത്തിൽ ജില്ലയിൽ 59-ാമത് സ്ഥാനം മാത്രമാണ് കാലടിക്കെന്ന് സി.പി.എം കുറ്റപ്പെടുത്തി. അങ്കമാലി ബ്ലോക്കിലെ എട്ട് പഞ്ചായത്തുകളിൽ ഏഴാം സ്ഥാനത്താണ് കാലടി.

മണ്ഡലക്കാലത്തിന് ഏതാനും ദിവസം മാത്രമാണ് ബാക്കി. യാതൊരുവിധ തയ്യാറെടുപ്പും പഞ്ചായത്ത് നടത്തുന്നില്ല. ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടായില്ലെങ്കിൽ മണ്ഡലകാലം ദുരിതകാലമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന പതിനായിരക്കണക്കിന് അയ്യപ്പ ഭക്തന്മാർക്ക് വിരി വയ്ക്കുവാൻ പോലും സ്ഥലമില്ല.

വി.എസ്. സുബിൻ കുമാർ,

ജില്ലാ ഭാരവാഹി

വിശ്വഹിന്ദു പരിഷത്ത്

2013 ൽ ഉമ്മൻ ചാണ്ടി സർക്കാർ കാലടിക്ക് അനുവദിച്ച സമാന്തര പാലം നിർമ്മാണം അന്ന് തടഞ്ഞത് കാലടിയിലെ മർച്ചന്റ്സ് അസോസിയേഷനും ഇടതു നേതാക്കളുമാണ്. രണ്ടാം പിണറായി സർക്കാർ അതേ പാലം നിർമ്മാണം ഏറ്റെടുത്തു. 8 തൊഴിലാളികളെ വച്ച് ഒന്നര കൊല്ലമായി നിർമ്മാണം നടക്കുന്നു. യാതൊരു പുരോഗതിയുമില്ല. ഗതാഗത പ്രതിസന്ധിക്ക് മുഖ്യകാരണം ഇടതുപക്ഷ സമീപനമാണ്.

റെന്നി പാപ്പച്ചൻ

പ്രസിഡന്റ്

കോൺഗ്രസ് (ഐ)

കാലടി മണ്ഡലം കമ്മിറ്റി

ഉടുമ്പുഴ - കൈതത്തോടിന് ഓരം ചേർന്ന് കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ബൈപാസ് റോഡ് പൂർത്തീകരിക്കണം കാലടി പാലം പണി തീരുകയും എം.സി റോഡ് വീതി കൂട്ടുകയും ചെയ്യുന്നതോടെ കാലടിയുടെ വളർച്ച ശരവേഗത്തിലാകും. അതോടെ പ്രതിസന്ധിക്ക് പരിഹാരം ഉണ്ടാകും. പഞ്ചായത്തിലെ യു. ഡി.എഫ് ഭരണം പരാജയമാണ്.

സിജോ ചൊവ്വരാൻ

അങ്കമാലി ബ്ലോക്ക്

പഞ്ചായത്ത് മെമ്പർ

(സി.പി.എം)