ആലുവ: ദേശീയപാതയിൽ പുളിഞ്ചോടിന് സമീപം അപകടങ്ങൾ ആവർത്തിച്ചിട്ടും അപകടക്കെണി ഒഴിവാക്കാതെ അധികാരികൾ. പുളിഞ്ചോട് കവലക്കും മെട്രോ സ്റ്റേഷനും ഇടയിൽ റോഡിന്റെ ഇരുവശവും കൈവരി ഇല്ലാത്തതാണ് അപകട ഭീഷണി.
മെട്രോ സ്റ്റേഷനിൽ നിന്ന് ആലുവ ഭാഗത്തേയ്ക്ക് വരുന്ന പാതയിൽ ഏകദേശം 100 മീറ്ററോളം നീളത്തിൽ റോഡിനോട് ചേർന്ന് പത്ത് അടിയിലേറെ ആഴത്തിലാണ് ഭൂമി. മൈനൂട്ടിൽ ഭഗവതി ക്ഷേത്രത്തിന് മുൻവശത്തെ ഭൂമിയാണ് റോഡ് നിരപ്പിൽ നിന്ന് താഴ്ന്ന് കിടക്കുന്നത്. ഇവിടെ റോഡിൽ രണ്ടര അടി ഉയരത്തിൽ രണ്ട് ഇരുമ്പ് കുറ്റികളാണ് സുരക്ഷക്കായി ആകെ സ്ഥാപിച്ചിട്ടുള്ളത്. കമ്പനിപ്പടി കഴിഞ്ഞാൽ ഗ്യാരേജ് സ്റ്റോപ്പിൽ അപൂർവം ബസുകൾ മാത്രമാണ് നിറുത്തുന്നത്. ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളെല്ലാം ഇവിടെ അമിത വേഗതയിലായിരിക്കും.
പുളിഞ്ചോട് സിഗ്നൽ ഭാഗത്ത് വലത്തേയ്ക്ക് തിരിയാൻ വാഹനങ്ങളുടെ നിരയുണ്ടാകാറുള്ളതിനാൽ അങ്കമാലി ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങളെല്ലാം പോകുന്നത് ഇടതുവശം ചേർന്ന്. സിഗ്നൽ കുരുക്കിൽ നിരകൾ കൂടുമ്പോൾ സുരക്ഷാഭിത്തിയില്ലാത്ത ഭാഗത്തെത്തുമ്പോൾ ഇരുചക്രവാഹന യാത്രികർക്ക് ഉൾപ്പെടെ അപകടാവസ്ഥയിലാകും. സമാനമായ സാഹചര്യമല്ലെങ്കിലും എതിർവശത്തെ ട്രാക്കിലും അപകടഭീഷണിയുണ്ട്. ഇവിടെ ദേശീയപാതയ്ക്ക് കുറുകെയുള്ള മലിനജല കാനയുടെ ഭാഗത്താണ് അപകടക്കെണി. പരിസരം കാടുപിടിച്ച് കിടക്കുന്നതിനാൽ വാഹനയാത്രക്കാർക്ക് കാനയുടെ ആഴം പോലും മനസിലാകില്ല.
രണ്ടര മാസം മുമ്പ് 22 ചക്ര ട്രെയിലർ നിയന്ത്രണം തെറ്റി 20 അടിയോളം താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞിരുന്നു. ഡ്രൈവറും ക്ളീനറും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും ലോറിക്ക് വലിയ നാശം സംഭവിച്ചിരുന്നു. ട്രെയിലർ യു ആകൃതിയിലായിപ്പോയി. ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ട്രെയിലർ പുറത്തെടുത്തത്.
ദേശീയപാതയിൽ പുളിഞ്ചോട് ഭാഗത്ത് ഇവരുവശത്തെയും അപകടാവസ്ഥ ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണം. ഇതുസംബന്ധിച്ച് ദേശീയപാതാ അധികൃതർക്കും മന്ത്രിക്കും നിവേദനം നൽകും
വി.ടി. സതീഷ്
ജില്ലാ പ്രസിഡന്റ്, കേരള
സാംസ്കാരിക പരിഷത്ത്