മട്ടാഞ്ചേരി: മൂന്ന് മുന്നണികളുടെയും അവകാശ വാദങ്ങളാൽ വിവാദമായ തുരുത്തി ഇരട്ടഫ്ലാ റ്റ് ഉദ്ഘാടന ചടങ്ങും വിവാദത്തിൽ. ജനകീയ പരിപാടിയാക്കി മാറ്റുന്നതിന് പകരം സി.പി.എം ഏകപക്ഷീയമായി തങ്ങളുടെ പരിപാടിയാക്കി മാറ്റിയെന്ന ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്. പരിപാടിയുടെ സംഘാടക സമിതി യോഗത്തിലും എൽ.ഡി.എഫ് ഘടക കക്ഷികളെ ക്ഷണിക്കാതെ സി.പി.എം ഏകപക്ഷീയമായ നിലപാട് സ്വീകരിച്ചെന്നാണ് ആക്ഷേപം. പരിപാടിയിൽ സി.പി.എം ജില്ലാ സെക്രട്ടറി എസ്.സതീശ് ഉൾപെടെയുള്ള നേതാക്കൾ സദസിൽ ഉണ്ടായിരുന്നുവെങ്കിലും സി.പി.ഐ ഉൾപ്പെടെയുള്ള മറ്റ് പാർട്ടികളുടെ നേതാക്കളിൽ പലരും ഉണ്ടായിരുന്നില്ല. എൽ.ഡി.എഫ് സർക്കാരിന്റെ നേതൃത്വത്തിൽ കൊച്ചിയിലെ 394 കുടുംബങ്ങൾക്ക് ആശ്വാസമായി മാറിയ പദ്ധതി ഉദ്ഘാടന പരിപാടി സി.പി.എം പരിപാടിയാക്കി മാറ്റിയ നടപടി പ്രതിഷേധാർഹമാണെന്ന് സി.പി.ഐ കൊച്ചി മണ്ഡലം സെക്രട്ടറി എം.കെ അബ്ദുൽ ജലീൽ പറഞ്ഞു.