karumalloor-panchayath-
കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫീസ്

പറവൂർ: കരുമാല്ലൂർ പഞ്ചായത്ത് അഞ്ചാം വാർഡ് അംഗം ജി.വി. പോൾസണിന്റെ തിരഞ്ഞെടുപ്പ് കോടതി റദ്ദാക്കിയതിന് ശേഷം പഞ്ചായത്ത് ഭരണം സ്തംഭനത്തിൽ. കഴിഞ്ഞ 12നാണ് കോടതി അംഗത്വം റദ്ദ് ചെയ്തത്. ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനായിരുന്ന പോൾസൻ പുറത്തായതോടെ കമ്മിറ്റി കൂടുവാനോ, സാമ്പത്തിക ക്രയവിക്രയങ്ങൾക്കുള്ള തുക പാസാക്കാനോ കഴിയുന്നില്ല.

തിരഞ്ഞെടുപ്പ് റദ്ദ് ചെയ്ത വിവരം കോടതി പഞ്ചായത്ത് പ്രസിഡന്റ്, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവരെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇന്നലെ നടന്ന പഞ്ചായത്ത് കമ്മിറ്റി യോഗത്തിൽ ഈ വിവരം പഞ്ചായത്ത് അംഗങ്ങളെ അറിയിച്ചില്ല. പോൾസണിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിഷയം പ്രതിപക്ഷം കമ്മിറ്റിയിൽ അവതരിപ്പിച്ചു. അങ്ങിനെയൊരു കാര്യം അറിയില്ലെന്ന നിലപാടിലായിരുന്നു പ്രസിഡന്റ്. ഇതോടെ പ്രതിപക്ഷത്തെ കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ ബഹളംവച്ചു. കുറുമാറി ഭരണപക്ഷത്തെത്തിയ പോൾസൻ കോടതി ഉത്തരവിലൂടെ പുറത്തായിട്ടും ഭരണക്കാർ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിഷേധം ശക്തമായപ്പോൾ അജൻഡയിലേക്ക് കടക്കാതെ പ്രസിഡന്റ് യോഗം പിരിച്ചുവിട്ടു. യു.ഡി.എഫ് ലീഡർ എ.എം. അലി, ബി.ജെ.പി അംഗം കെ.എസ്. മോഹൻകുമാർ, സ്വതന്ത്ര അംഗം മുഹമ്മദ് മെഹജുബ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.