sabu

കൊച്ചി: തദ്ദേശ ഭരണ തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി നടത്തിയ ട്വന്റി 20 പാർട്ടി പുത്തൻകുരിശ് പഞ്ചായത്തുതല കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പാർട്ടി അധികാരത്തിലെത്തിയാൽ പുത്തൻകുരിശ് പഞ്ചായത്തിനെ പൂർണമായും മാലിന്യ വിമുക്തമാക്കുമെന്നും മാറിമാറി ഭരിക്കുന്ന ഇടതു വലതു മുന്നണികൾ വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് ഭീമമായ തുകകൾ കൈപ്പ​റ്റി നാടിനെ മാലിന്യത്തിൽ മുക്കിയിരിക്കുകയാണെന്നും സാബു എം. ജേക്കബ് ആരോപിച്ചു. ഏ​റ്റവും കൂടുതൽ ക്യാൻസർ രോഗികളും ശ്വാസകോശ രോഗികളുമുള്ള പഞ്ചായത്തായി പുത്തൻകുരിശ് മാറിയിരിക്കുന്നു. കുടിവെള്ളത്തിൽ പോലും വിഷം കലർന്ന അവസ്ഥയാണ് പഞ്ചായത്തിലുള്ളത്. ഏ​റ്റവും കൂടുതൽ വരുമാനമുളള പഞ്ചായത്താണെങ്കിലും പ്രദേശത്ത് വേണ്ടത്ര വികസനമെത്തിക്കാൻ മുന്നണികൾക്ക് സാധിച്ചിട്ടില്ലെന്നും സാബു എം. ജേക്കബ് പറഞ്ഞു.

പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഗോപകുമാർ, എക്‌സിക്യൂട്ടീവ് മെമ്പർ അഡ്വ. ചാർളി പോൾ, ജില്ലാ കോ ഓർഡിനേ​റ്റർ പി.വൈ. അബ്രഹാം, കുന്നത്തുനാട് നിയോജകമണ്ഡലം പ്രസിഡന്റ് ജിബി എബ്രഹാം, കമ്മി​റ്റി അംഗങ്ങളായ പി.വൈ. മത്തായി, പീ​റ്റർ കെ. ജോസഫ് എന്നിവർ സംസാരിച്ചു.