പള്ളുരുത്തി: ചെല്ലാനത്തിന്റെ സാമൂഹിക,​ വിനോദസഞ്ചാര,​ കാർഷിക പുരോഗതിക്കായി ചെല്ലാനം കാർഷിക ടൂറിസം വികസന സൊസൈറ്റി ചെയ്തതും ഇനി ചെയ്യാനിരിക്കുന്നതുമായ സമഗ്ര പദ്ധതികൾ ഉൾപ്പെടുത്തിയ ജനാധികാര വികസന മാനിഫെസ്റ്റോ ഗാന്ധിജയന്തി ദിനത്തിൽ ചെല്ലാനം ഗ്രാമവാസികൾക്ക് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. 2009 മുതൽ കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നടപ്പാക്കിവരുന്ന കാർഷിക വികസന ടൂറിസം പദ്ധതികളാണ് വികസന മാനിഫെസ്റ്റോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു കുട്ടിക്ക് ഒരു വാഴ, കുട്ടികൾക്കായി എന്റെ മാവ് പദ്ധതി, പൊക്കാളി കൃഷിയുടെ സമഗ്ര വികസനത്തിനായി നടപ്പാക്കിയ പാടം പാഠ്യ ഭാഷ പദ്ധതിയിൽ നെൽവിത്ത് നടുന്നത് മുതൽ നെന്മണി വരെ നീളുന്ന 120 ദിന കർമ്മപരിപാടികൾ എന്നിവ പരിചയപ്പെടുത്തുന്നു. നടപ്പിലാക്കിയ 200ൽ പരം വികസന പദ്ധതികളും പ്രവർത്തനങ്ങളുമാണ് മാനിഫെസ്റ്റോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതെന്ന് സൊസൈറ്റി പ്രസിഡന്റ് കെ.എക്സ്. ജൂലപ്പൻ, ജനറൽ സെക്രട്ടറി എം.എൻ. രവികുമാർ എന്നിവർ പറഞ്ഞു.