
പറവൂർ: ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ദുർഗാഷ്ടമി ദിനമായ ഇന്നലെ പുസ്തകങ്ങൾ, സംഗീതോപകരണങ്ങൾ എന്നിവ ഭക്തർ പൂജയ്ക്കുവച്ചു. ക്ഷേത്രം തന്ത്രി പുലിയന്നൂർ ഹരിനാരായണൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി കെ.ബി. അജിത്കുമാറിന്റെയും മുഖ്യകാർമ്മികത്വത്തിൽ ദുർഗാപൂജയ്ക്കുശേഷം നാലമ്പലത്തിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിലായിരുന്നു പൂജവയ്പ്. നടതുറന്നതിന് ശേഷമുള്ള പൂജകഴിഞ്ഞ് പൂജയ്ക്കുവയ്ക്കുന്ന പുസ്തകങ്ങളും മറ്റും പ്രത്യേക കൗണ്ടറിൽ സ്വീകരിച്ചു.
വിജയദശമി ദിനമായ ഒക്ടോബർ രണ്ടിന് പുലർച്ചെ അഞ്ചിന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം. പതിനെട്ട് ഗുരുക്കന്മാരാണ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കുന്നത്. പറവൂർ ജ്യോതിസ്, കൊടുങ്ങല്ലൂർ സന്തോഷ് തന്ത്രി, കുന്നത്തൂർ ഇല്ലത്ത് ഡോ. വിഷ്ണു നമ്പൂതിരി, ഐ.എസ്. കുണ്ടൂർ, പ്രൊഫ. കെ. സതീശബാബു, ഡോ. കെ.കെ. ബീന, മനപ്പാട്ട് ജയരാജ് തന്ത്രി, പി.പി. രേഖ, അഡ്വ. എം.കെ. രാമചന്ദ്രൻ, വിനോദ്കുമാർ എമ്പ്രാന്തിരി, ഡോ. രമാദേവി, ഉണ്ണിക്കൃഷ്ണൻ മാടവന, ഡോ. കെ.എ. ശ്രീവിലാസൻ, രാധാകൃഷ്ണൻ ശാന്തി, സത്യൻ വാര്യർ, പ്രമോദ് മാല്യങ്കര, മോഹനൻ സ്വാമി, ഡോ. രേഖ പാർത്ഥസാരഥി എന്നിവരാണ് ഗുരുക്കന്മാർ.
ഇന്ന് രാവിലെ 7ന് ദേവീപാരായണം, 8ന് സംഗാതീർച്ചന, 10ന് വലയിൻ അർച്ചന, വൈകിട്ട് 4ന് സംഗീതാർച്ചന, 5ന് മോഹിനിയാട്ടം, 7ന് നൃത്തനൃത്ത്യങ്ങൾ. നാളെരാവിലെ 7ന് ദേവീപാരായണം, 8ന് സംഗീതാർച്ചന, 9ന് വയലിൻസോളോ, വൈകിട്ട് 4ന് സംഗീതാർച്ചന, 6ന് വയലിൻ ഡ്യൂയറ്റ്, 7ന് നൃത്തസമന്വയം, രാത്രി 8.30ന് ഭരതനാട്യം.
വിജയദശമിദിനമായ 2ന് രാവിലെ വിദ്യാരംഭം തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ഉദ്ഘാടനം ചെയ്യും. 8ന് സംഗീതാർച്ചന, 9ന് സംഗീതകച്ചേരി, 9.30ന് വയലിൻ അർച്ചന, 11.30ന് ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം, ഉച്ചക്ക് ഒന്നിന് കാവടി ചിന്ത്, വൈകിട്ട് 5ന് തിരുവാതിരകളി, 5.30ന് സോപാന സംഗീതാർച്ചന, 6ന് ഇടയ്ക്ക കച്ചേരി, 7ന് ടി.എച്ച്. ബാലസുബ്രഹ്മണ്യത്തിന്റെ വയലിൻസോളോ, രാത്രി 9ന് ഭക്തിഗാനമേള.