പറവൂർ: പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ നവരാത്രി ആഘോഷ സംഭാവന കൂപ്പൺ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പിരിക്കുന്നത് വിലക്കിയ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻബെഞ്ചിന്റെ ഉത്തരവിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് റിവ്യൂ ഹർജി നൽകി. പ്രാഥമിക വാദംകേട്ട കോടതി കേസ് ഒക്ടോബർ മൂന്നിലേക്ക് മാറ്റി.

ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സജി നമ്പിയത്ത്, സെക്രട്ടറി പി. വേണുഗോപാൽ എന്നിവർ നൽകിയ ഹർജിയിൽ കഴിഞ്ഞ 24നാണ് ജസ്റ്റിസ്‌ രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻബെഞ്ച് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറുടെ ഉത്തരവ് റദ്ദാക്കിയത്. കേസ് അനുകൂല വിധി പ്രതീക്ഷിച്ച് ഇന്നലെ 1.85 ലക്ഷം രൂപയുടെ കൂപ്പൺ ഡെപ്യൂട്ടി കമ്മീഷണർ സീൽ ചെയ്ത് നൽകിയില്ലെന്ന് ഉപദേശക സമിതി ഭാരവാഹികൾ പറഞ്ഞു.

ഇതുവരെ മൂന്ന് തവണകളിലായി 6.15 ലക്ഷം രൂപയുടെ കൂപ്പണാണ് സീൽ ചെയ്ത് ലഭിച്ചത്. ഇതിന്റെ പത്ത് ശതമാനം ഉപദേശക സമിതി ദേവസ്വം ബോർഡിൽ അടിച്ചു. കഴിഞ്ഞ വർഷം 9.26 ലക്ഷം രൂപയുടെ കൂപ്പൺ സിൽ ചെയ്തു. ഇതിന്റെ പത്ത് ശതമാനം വർദ്ധിപ്പിച്ചുള്ള കൂപ്പൺ ഈ വർഷം ലഭിക്കേണ്ടതുണ്ട്. കൂപ്പൺ സീൽ ചെയ്ത് ലഭിക്കാത്തിനാൽ ഉപദേശക സമിതിക്ക് സാമ്പത്തിക ബാദ്ധ്യതയുണ്ടാകുമെന്ന് ഭാരവാഹികൾ പറഞ്ഞു.