കോതമംഗലം: ഭിന്നശേഷി സംവരണം നടപ്പാക്കുന്നതിന് ക്രിസ്ത്യൻ മാനേജ്‌മെന്റുകൾ എതിരാണെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന അടിസ്ഥാനരഹിതമാണെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തികണ്ടത്തിൽ പറഞ്ഞു. ഏത് മാനേജ്‌മെന്റാണ് ഭിന്നശേഷിക്കാർക്കെതിരെ നിലപാട് സ്വീകരിച്ചതെന്ന് മന്ത്രി വ്യക്തമാക്കണം. സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിൽ ഭിന്നശേഷി സംവരണ ഒഴിവുകൾ കത്തോലിക്കാ മാനേജ്‌മെന്റുകൾ മാറ്റിവച്ചിട്ടുണ്ട്. ഇക്കാര്യം സമന്വയയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവ പരിശോധിച്ച് സംസ്ഥാന-ജില്ലാ സമിതിയിലേക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാത്തതും ഉദ്യോഗാർത്ഥികളെ നൽകാത്തതുമാണ് ഭിന്നശേഷി നിയമനത്തിന് തടസം. വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ട കാര്യങ്ങൾ പൂർത്തീകരിച്ചിട്ടില്ല. ഇത് മനസിലാക്കാതെ മാനേജ്‌മെന്റുകളെ പഴിചാരുന്നത് സർക്കാരിന് ചേർന്നതല്ല.
വസ്തുതാ വിരുദ്ധമായ പ്രസ്താവന പിൻവലിച്ച് സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആവശ്യപ്പെട്ടു. സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിൽ മന്ത്രി വി. ശിവൻകുട്ടി നടത്തിയ പരാമർശമാണ് രൂപതയെ ചൊടിപ്പിച്ചത്.