മട്ടാഞ്ചേരി: ബോട്ടുകൾ ഹാർബർ ഫ്ലാറ്റ് ഫോമിൽ കെട്ടാൻ സഹായിക്കുന്ന വെള്ളംകോരി തൊഴിലാളികൾ ബോട്ടുകളിലെ മത്സ്യം വിൽക്കാൻ അനുവദിക്കാത്തതുമൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് പേഴ്സീൻ മത്സ്യബന്ധന മേഖലയ്ക്ക് ഉണ്ടായിരിക്കുന്നതെന്ന് കേരള പേഴ്സീൻ മത്സ്യത്തൊഴിലാളി യൂണിയൻ നേതാക്കൾ ആരോപിച്ചു. ഈ സാഹചര്യത്തിൽ പേഴ്സീൻ ബോട്ട് തൊഴിലാളികൾ മത്സ്യബന്ധനം ഉപേക്ഷിച്ച് ഹാർബർ വിടുകയാണ്. ലഭിച്ച മത്സ്യവും ബോട്ടും വലയും ഒക്കെ ഉപേക്ഷിച്ചാണ് തൊഴിലാളികൾ ഹാർബർ വിടുന്നത്.
മുൻകാലങ്ങളിൽ പേഴ്സീൻ ബോട്ടുകളിൽ കുടിവെള്ളവും മറ്റും എത്തിച്ചിരുന്ന വെള്ളംകോരി വിഭാഗം തൊഴിലാളികൾ ഇന്ന് നൽകുന്ന സേവനം ഹാർബറിലെത്തുന്ന ബോട്ടുകൾ ഫ്ലാറ്റ്ഫോമിൽ അടുപ്പിച്ചു കെട്ടുക എന്നതു മാത്രമാണ്. പത്തുമിനിറ്റിൽ ഒതുങ്ങുന്ന ഈ സേവനത്തിന് പേഴ്സീൻ ബോട്ടുകൾ നൽകേണ്ട വേതനം മത്സ്യം വിറ്റ തുകയുടെ ചെലവ് കിഴിക്കാതെയുള്ള രണ്ട് ശതമാനമാണ്. എന്നാൽ ഇതേ ബോട്ടുകളിലെ ഡ്യൂട്ടി സെക്ഷനിൽപ്പെട്ട തൊഴിലാളികൾ, പാക്കിംഗ് തൊഴിലാളികൾ തുടങ്ങിയവരെല്ലാം കൂലി വ്യവസ്ഥയിലാണ് ജോലി ചെയ്യുന്നത്.
നോക്കുകൂലി നിരോധിച്ച സംസ്ഥാനത്ത് ജോലി ചെയ്യുന്നതിന് മത്സ്യവിലയുടെ രണ്ടുശതമാനം കൊടുക്കണമെന്ന കാലഹരണപ്പെട്ട തീരുമാനങ്ങൾ ഉയർത്തി മത്സ്യം വില്ക്കുന്നത് തടസപ്പെടുത്തുന്ന രീതിയാണ് കൊച്ചി ഫിഷിംഗ് ഹാർബറിൽ ഉള്ളതെന്ന് നേതാക്കൾ ആരോപിച്ചു. ഈ വിഷയത്തിൽ നേരത്തെ ഒരാഴ്ചയോളം ഹാർബർ അടഞ്ഞുകിടക്കുകയും വ്യവസായ സംരക്ഷണ സമിതിയുടെ മദ്ധ്യസ്ഥതയിൽ കരാർ കൂലി എന്ന നിലയിൽ പ്രശ്നപരിഹാരം ഉണ്ടാക്കുകയും ചെയ്തിരുന്നു. തദ്ദേശിയരായ തൊഴിലാളികളെ ഒഴിവാക്കി അന്യസംസ്ഥാനക്കാരായ വെള്ളംകോരി തൊഴിലാളികൾക്ക് അവസരം ഉണ്ടാക്കുന്ന സി.ഐ.ടി.യു നടപടി അവസാനിപ്പിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള പേഴ്സീൻ മത്സ്യത്തൊഴിലാളി യൂണിയൻ പ്രസിഡന്റ് ജാക്സൺ പൊള്ളയിൽ, ജനറൽ സെക്രട്ടറി സ്റ്റാൻലി മർക്കോസ്, വൈസ് പ്രസിഡന്റ് പി.ജെ. മൈക്കിൾ, വി.ആർ. ജോഷി, വി.പി. പ്രീജൻ എന്നിവർ പറഞ്ഞു.