
നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ പുത്തൻതോട് മുതൽ ചുങ്കം കവല വരെ റോഡ് വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിന് മുന്നോടിയായി സർവ്വേ നടപടികൾ ആരംഭിച്ചു. വീതി കൂട്ടുന്നതിനുള്ള ഭൂമിയേറ്റെടുക്കലിന്റെ ഭാഗമായി പ്രാഥമിക വിജ്ഞാപനം 11(1) നോട്ടിഫിക്കേഷൻ ഗസറ്റിൽ പ്രസിദ്ധീകരിച്ചു.
അൻവർ സാദത്ത് എം.എൽ.എയുടെ നിരന്തര ശ്രമഫലമായാണ് റോഡ് വികസനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. സർവ്വേ നടപടി രണ്ടാഴ്ചക്കകം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.
വളവ് നിവർത്തും
അത്താണി - പറവൂർ വെടിമറ റോഡിൽ ആലുവ നിയോജക മണ്ഡലത്തിൽപ്പെട്ട ചെങ്ങമനാട് പഞ്ചായത്തിലെ പുത്തൻതോട് മുതൽ കുന്നുകര പഞ്ചായത്ത് അതിർത്തിയായ ചുങ്കം കവല വരെയുള്ള വളവുകളാണ് പ്രധാനമായും നിവർത്തുന്നത്. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് സർക്കാർ 2.50 കോടി അനുവദിച്ചു. ഒന്നര വർഷം മുമ്പ് ഭരണാനുമതി ലഭിച്ചതിനെത്തുടർന്ന് റോഡ് വീതി കൂട്ടുന്നതിന് പൊതുമരാമത്ത് വകുപ്പ് കല്ലുകൾ സ്ഥാപിച്ചിരുന്നു.
ഏറ്റെടുക്കുന്നത് 18.725 സെന്റ് ഭൂമി
ചെങ്ങമനാട് വില്ലേജിലെ വിവിധ സർവേ നമ്പറുകളിലായി 7.57 ആർ (18.725 സെന്റ്) ഭൂമിയാണ് ഏറ്റെടുക്കുന്നത്. സമീപ പ്രദേശങ്ങളിലെല്ലാം വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞെങ്കിലും കുപ്പിക്കഴുത്താകൃതിയിലായ ചെങ്ങമനാട് കവലയുടെ വികസനം കാലങ്ങളായി മുരടിച്ച് കിടക്കുകയായിരുന്നു.