
പറവൂർ: ദക്ഷിണ മൂകാംബിക ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ സംഭാവന കൂപ്പൺ പിരിക്കാനുള്ള വിലക്കുള്ളതിനാൽ പുറത്ത് ഡെസ്കിട്ടിരുന്ന് ഉപദേശക സമിതി പിരിവ് നടത്തി. നവരാത്രി ആഘോഷ സംഭാവന കൂപ്പൺ ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ പിരിക്കുന്നത് വിലക്കിയ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ റിവ്യൂ ഹർജി പരിഗണിച്ചതോടെയാണ് കമ്മിഷണറുടെ ഉത്തരവിന് പ്രാബല്യം ലഭിച്ചത്. കേസ് ഒക്ടോബർ ആറിനാണ് വാദം കേൾക്കും. എന്നാൽ രണ്ടാം തീയതിയോടെ നവരാത്രി ആഘോഷം സമാപിക്കും. തിങ്കളാഴ്ച 1.85 ലക്ഷം രൂപയുടെ കൂപ്പൺ സീൽ ചെയ്യാൻ നൽകിയെങ്കിലും ലഭിച്ചില്ല.
ചെലവുകൾ പ്രതിസന്ധിയിലാകും
ക്ഷേത്രം മതിൽക്കെട്ടിനുള്ള സംവാഭന കൂപ്പൺ പിരിക്കാൻ സാധിക്കാത്തതിനാൽ കൂടുതൽ കൂപ്പൺ സീൽ ചെയ്യിക്കേണ്ടന്ന് ഉപദേശക സമിതി തിരുമാനിച്ചു. നവരാത്രി ആഘോഷ സമയത്തെ സംഭാവനയാണ് ക്ഷേത്രത്തിൽ മഹോത്സവമടക്കമുള്ള ചെലവിന് വിനിയോഗിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാളം പകുതി തുക ലഭിക്കാത്തിനാൽ കടുത്ത സാമ്പത്തിക ബാദ്ധ്യതയുണ്ടാകുമെന്ന് ഉപദേശക സമിതി ഭാരവാഹികൾ പറഞ്ഞു.