കൊച്ചി: പ്രൈം വോളിബോൾ ലീഗിൽ കഴിഞ്ഞ മൂന്ന് സീസണുകളിലും കൈവിട്ടുപോയ കിരീടം ഇത്തവണ സ്വന്തമാക്കാനുറച്ച് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്. ഹൈദരാബാദിലെ ഗച്ചിബൗളി ഇൻഡോർ സ്‌റ്റേഡിയത്തിൽ ഒക്ടോബർ രണ്ടിന് തുടങ്ങുന്ന ആർ.ആർ.ബി കാബെൽ പ്രൈം വോളിബാൾ ലീഗ് നാലാം സീസണിൽ തികഞ്ഞ വിജയപ്രതീക്ഷയിലാണ് ടീം. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് സ്‌പോർട്‌സ് സെന്ററിലെ കഠിന പരിശീലനത്തിന് ശേഷം ഇന്നലെ ചാമ്പ്യൻഷിപ്പിനായി ടീം ഹൈദരാബാദിലേക്ക് യാത്ര തിരിച്ചു.

ഒക്ടോബർ 3ന് രാത്രി 8.30ന് ചെന്നൈ ബ്ലിറ്റ്‌സിനെതിരെയാണ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിന്റെ ആദ്യ മത്സരം. ഇന്ത്യൻ ക്യാപ്റ്റൻ വിനീത്കുമാറാണ് ടീമിനെ നയിക്കുന്നത്. ജൂണിൽ കോഴിക്കോട് നടന്ന താരലേലത്തിൽ ഏറ്റവും ഉയർന്ന തുകയായ 22.5 ലക്ഷം രൂപയ്ക്കാണ് വിനീത് കുമാറിനെ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ് സ്വന്തമാക്കിയത്. പാൻ അമേരിക്കൻ ഗെയിംസിൽ കാനഡക്ക് ചരിത്രസ്വർണം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച സെറ്റർ ബെറോൺ കെറ്റുറാക്കിസും ഇന്ത്യൻ അറ്റാക്കർ ഹേമന്ദുമാണ് ഉപനായകർ.

മുൻ ഫ്രഞ്ച് ദേശീയ താരം നിക്കോളാസ് മരേചാലാണ് ടീമിലെ മറ്റൊരു വിദേശതാരം. മുൻ സൗത്ത് ആഫ്രിക്കൻ പരിശീലകൻ സൈസ് വർദ്ധനാണ് ടീമിന്റെ മുഖ്യപരിശീലകൻ. ലയണൽ ബോണ്യൂർ, വർഗീസ് വി.ജെ, രാജൻ സി എന്നിവർ സഹപരിശീലകർ.