കൊച്ചി: 'ഞങ്ങൾക്ക് ഹൃദയം തന്ന ആ ചേട്ടന്മാർക്കും ഡോക്ടർമാർക്കും നാട്ടുകാർക്കും നന്ദി ..." 13കാരി ആവണി കൃഷ്ണ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആവണിയുടെ വാക്കുകളിൽ പുതുജീവിതത്തിലേക്ക് കാലൂന്നിയതിന്റെ സന്തോഷം. പുതുഹൃദയം സ്വീകരിച്ച അങ്കമാലി സ്വദേശി അജിൻ ഏലിയാസും (28) ആവണിക്ക് ഒപ്പമുണ്ടായിരുന്നു.
കൊട്ടാരക്കര സ്വദേശി ഐസക് ജോർജിന്റെ (33) ഹൃദയമാണ് അജിനിൽ മിടിക്കുന്നത്. അങ്കമാലി സ്വദേശി ബിൽജിത്തിന്റെ (18) ഹൃദയമാണ് ആവണിയിൽ സ്പന്ദിക്കുന്നത്. രണ്ടാഴ്ച മുമ്പ് 36 മണിക്കൂറിന്റെ ഇടവേളയിലാണ് ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ഇരുവരും വിധേയരായത്.
തങ്ങളെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്ന ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെയും ഹൃദയം തന്നവരെയും മുതൽ എല്ലാവരെയും ഓർത്തെടുത്തായിരുന്നു അജിൻ ഏലിയാസും ആവണിയും സംസാരിച്ചത്.
അജിനു വേണ്ടി ഐസക് ജോർജിന്റെ ഹൃദയം തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്റ്ററിലാണ് കൊച്ചിയിൽ എത്തിച്ചത്. വാഹനാപകടത്തിലുണ്ടായ ഗുരുതരമായ പരിക്കിനെ തുടർന്ന് ബിൽജിത്തിന് മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. അങ്കമാലിയിൽ നിന്ന് ഹൃദയം 20മിനിട്ട് കൊണ്ട് ലിസി ആശുപത്രിയിൽ എത്തിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. രണ്ടു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആവണി ജീവിതം തിരികെപ്പിടിച്ചത്. രണ്ട് പേരുടെയും ആരോഗ്യനില പൂർണ തൃപ്തികരമാണെന്ന് ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. വൈകാതെ സാധാരണ ജീവിതം നയിക്കുവാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.