വൈപ്പിൻ: കേരളത്തിലെ 40 ലക്ഷത്തോളം വരുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മുല്ലപ്പെരിയാർ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് വൈപ്പിൻ മാലിപ്പുറത്ത് കഴിഞ്ഞ 2ന് ആരംഭിച്ച റിലേ ഉപവാസ സമരം നാളേയ്ക്ക് ഒരു വർഷം പിന്നിടുന്നു. നാളെ വൈകിട്ട് 4ന് നടക്കുന്ന പൊതുസമ്മേളനത്തിൽ തമിഴ് എഴുത്തുകാരി വെണ്ണില മുഖ്യാതിഥിയായിരിക്കും. എഴുത്തുകാരി സാറാ ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

കേരളത്തിനും തമിഴ്‌നാടിനും ഒരപോലെ ഗുണകരമായ ടണൽ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് മാലിപ്പുറത്ത് മുല്ലപ്പെരിയാർ ടണൽ സമരസമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്.

പൊതുസമ്മേളനത്തിൽ എഴുത്തുകാരായ ശ്രീകുമാർ, ജെ. ദേവിക, സിവിക് ചന്ദ്രൻ, വി.എം. ഗിരിജ, സിപ്പി പള്ളിപ്പുറം, എം. ഗീതാനന്ദൻ, സി.ആർ. നീലകണ്ഠൻ, അഗസ്റ്റിൻ വട്ടോളി, ശാസ്ത്രജ്ഞരായ ഡോ. മുഹമ്മദ് ഹത്ത, ഡോ. സുനിൽ, പഞ്ചായത്ത് പ്രസിഡന്റ് രസികല, അനിൽ പ്ലാവിൻസ്, ജോസ് മാവേലി, ഫാ. അനിൽ ഫിലിപ്പ്, ഫാ. ജോസഫ് പള്ളിപ്പറമ്പിൽ, അഡ്വ. വിനോദ് മാത്യു വിൽസൺ, ബിഷപ്പ് ബസേലിയോസ് മാർത്തോമ യാക്കോബ് പ്രഥമൻ കാതോലിക്ക ബാവ തുടങ്ങിയവർ സംസാരിക്കും. രമേഷ് രവി അദ്ധ്യക്ഷത വഹിക്കും. സി.പി. റോയ് സ്വാഗതവും സ്മിജിൻ രാജ് നന്ദിയും പറയും.