
കോതമംഗലം: കോതമംഗലം മാർ തോമാ ചെറിയപള്ളിയിലെ കന്നി 20 പെരുന്നാളിന്റെ പ്രധാന ചടങ്ങുകൾ നാളെയും വെള്ളിയാഴ്ചയും നടക്കും. നാളെ രാവിലെ 7.15 ന് വി. മൂന്നിൻമേൽ കുർബാന. ഉച്ചയ്ക്ക് മൂന്നിന് പള്ളി ഉപകരണങ്ങൾ ആഘോഷമായി പള്ളിയകത്തേക്ക് കൊണ്ടപോകും.
വൈകിട്ട് അഞ്ചിന് വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കാൽനട തീർത്ഥാടകരെ സ്വീകരിക്കും. ഹൈറേഞ്ച് മേഖലയിലെ തീർത്ഥാടകരെ കോഴിപ്പിള്ളി കവലയിലും പടിഞ്ഞാറൻ മേഖലയിലെ തീർത്ഥാടകരെ മുവാറ്റുപുഴ കവലയിലും വടക്കൻമേഖലയിലെ തീർത്ഥാടകരെ ഹൈറേഞ്ച് കവലയിലും പോത്താനിക്കാടുനിന്നുള്ള തീർത്ഥാടകരെ ചക്കാലക്കുടി ചാപ്പലിലും സ്വീകരിക്കും. സന്ധ്യാ നമസ്‌കാരത്തിന് ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവ മുഖ്യകാർമ്മികത്വം വഹിക്കും. രാത്രി പത്തിന് നഗരം ചുറ്റിയുള്ള പ്രദഷിണം.
കലവറ നിറയ്ക്കൽ
രണ്ട് ദിവസവും പള്ളിയിലെത്തുന്ന ഭക്തജനങ്ങൾക്ക നേർച്ച ഭക്ഷണം വിതരണം ചെയ്യും. ഇതിനാവശ്യമായ ഉത്പ്പന്നങ്ങൾ സമാഹരിക്കുന്നതിനായി കലവറ നിറക്കൽ ഇന്നലെ വൈകിട്ട് നടത്തി. വിശ്വാസികൾ വഴിപാടായാണ് വിഭവങ്ങൾ സമർപ്പിച്ചത്. വ്യക്തികൾക്ക് പുറമെ വിവിധ സ്ഥാപനങ്ങളും സംഘടനകളും പങ്കെടുത്തു. കലവറ നിറക്കലിന്റെ ഉദ്ഘാടനം മാത്യൂസ് മാർ അന്തീമോസ് മെത്രാപ്പോലീത്ത നിർവഹിച്ചു. വികാരി ഫാ.ജോസ് മാത്യു തച്ചേത്തുകുടി, തന്നാണ്ട് ട്രസ്റ്റിമാരായ കെ.കെ.ജോസഫ്, എബി ചേലാട്ട് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രത്യേക ക്രമീകരണങ്ങൾ
പ്രധാന പെരുന്നാൾ ദിവസങ്ങളിലെ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് പള്ളിയിലും പരിസരത്തും പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പൊലീസ് ഡ്യൂട്ടിയിലുണ്ടാകും. പള്ളി പരിസരത്ത് കൺട്രോൾ റൂം തുറക്കും. പള്ളിയുടെ വളന്റിയർമാരും വിശ്വാസികൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കും. പതിനായിരക്കണക്കിന് വിശ്വാസികൾ പെരുന്നാളിൽ പങ്കെടുക്കാനെത്തും.