കൊച്ചി: കളമശേരി മാർത്തോമ ഭവനം ഭൂമിയുടെ ചുറ്റുമതിൽ തകർത്ത് കൈയേറിയതിനും വൈദികരെയും സന്യാസിനികളെയും ഭീഷണിപ്പെടുത്തിയതിനുമെതിരെ കേരള കാത്തലിക് ഫെഡറേഷൻ സംസ്ഥാന സമിതി പ്രതിഷേധിച്ചു.
കൈയേറ്റം ഒഴിപ്പിക്കണമെന്നും അന്തേവാസികൾക്ക് സുരക്ഷയും നീതിയും സർക്കാർ ഉറപ്പ് വരുത്തണമെന്നും സമിതി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് അനിൽ ജോൺ ഫ്രാൻസിസ് അദ്ധ്യക്ഷനായ സമ്മേളനം കെ.സി.ബി.സി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. തോമസ് തറയിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വി.സി ജോർജ് കുട്ടി, ട്രഷറർ ബിജു കുണ്ടുകുളം, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.
ന്യൂനപക്ഷമോർച്ച ധർണ
മാർത്തോമഭവനിൽ കൈയേറ്റക്കാർ സ്ഥാപിച്ച താത്കാലിക വീടുകൾ പൊളിച്ച് നീക്കി സഞ്ചാരസ്വാതന്ത്ര്യം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ന്യൂനപക്ഷമോർച്ചാ സംസ്ഥാന പ്രസിഡന്റ് സുമിത് ജോർജിന്റെ നേതൃത്വത്തിൽ കണയന്നൂർ താലൂക്ക് ഓഫീസിന് മുന്നിൽ ധർണ നടത്തി.
എൻ.ഡി.എ സംസ്ഥാന ഉപാദ്ധ്യക്ഷൻ എ.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു, നോർത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, ജില്ലാ ജനറൽ സെക്രട്ടറി എസ്. സജി, കോർപ്പറേഷൻ കൗൺസിലർ പദ്മജ എസ്. മേനോൻ എന്നിവർ പ്രസംഗിച്ചു.