തിരുവനന്തപുരം. സൂര്യ സ്റ്റേജ് ആൻഡ് ഫിലിം സൊസൈറ്റിയുടെ 111 ദിവസം നീണ്ടു നിൽക്കുന്ന സംഗീത നൃത്തോത്സവ പരിപാടിയുടെ ഉദ്ഘാടന ദിനമായ ഒക്ടോബർ ഒന്നിന് സംഗീതക്കച്ചേരി അവതരിപ്പിക്കാൻ ഇക്കുറിയും ഗാനഗന്ധർവ്വൻ കെ.ജെ.യേശുദാസ് എത്തുകയില്ല .അദ്ദേഹത്തിനു പകരം യുവ ഗായകൻ

ഹരിശങ്കറാണ് അന്ന് കച്ചേരി അവതരിപ്പിക്കുക.

അതേ സമയം 111 ദിവസത്തിനിടെ ഒരു ദിവസം എത്തിച്ചേരാമെന്ന് യേശുദാസ് അറിയിച്ചതായി സൂര്യ കൃഷ്ണമൂർത്തി

' കേരളകൗമുദി ' യോടു പറഞ്ഞു. കഴിഞ്ഞ തവണയും സൂര്യ ഫെസ്റ്റിവലിനു അദ്ദേഹം എത്തുമെന്നു കരുതിയിരുന്നുവെങ്കിലും

വന്നിരുന്നില്ല.പ്രഭാവർമ്മയ്ക്ക് സരസ്വതി സമ്മാനം നൽകുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഓൺ ലൈനിലൂടെ ആശംസ നേരുകയായിരുന്നു.അമേരിക്കയിൽ സ്ഥിരതാമസമാക്കിയിട്ടുള്ള യേശുദാസ് കൊവിഡിനു ശേഷം ഇന്ത്യയിലേക്ക് വന്നിട്ടേയില്ല.

തമിഴ്നാട് സർക്കാർ കഴിഞ്ഞദിവസം എം.എസ്.സുബ്ബുലക്ഷ്മി പുരസ്ക്കാരം യേശുദാസിന് പ്രഖ്യാപിച്ചിരുന്നു.അതിന്റെ വിതരണം

ഒക്ടോബറിലാണ്.അതിൽ പങ്കെടുക്കുമോയെന്ന കാര്യത്തിലും സ്ഥിരീകരണമില്ല.യേശുദാസിന്റെ സംഗീതക്കച്ചേരിയോടെയായിരുന്നു സൂര്യ ഫെസ്റ്റിവൽ കൊവിഡിനു മുമ്പുവരെ തുടങ്ങിയിരുന്നത്.