തൊടുപുഴ: തൊടുപുഴ ജൂനിയർ ചേമ്പർ ഇന്റർനാഷണലിന്റെ രണ്ടു ലോക്കൽ ഓർഗ്ഗനൈസേഷൻസ് സംയുക്തമായി ഒക്ടോബർ 2ന് അണക്കരയിൽ ജെ.സി.ഐ ജീനിയസ് ഹണ്ട് എന്ന പേരിൽ ഓൾ കേരള ഇന്റർ സ്‌കൂൾ ക്വിസ് കോമ്പറ്റീഷൻ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അണക്കര സ്‌പൈസ് വാലിയും തേക്കടി സഹ്യാദ്രിയും സംയുക്തമായി നടത്തുന്ന ക്വിസ് മത്സരത്തിൽ സംസ്ഥാനത്തിലെ എല്ലാ സ്‌കൂളുകളിലെയും വിദ്യാർത്ഥികൾക്ക് മാറ്റുരയ്ക്കാൻ അവസരം ഒരുക്കുന്നു. പാഠ്യവും പാഠ്യേതരവുമായ വിഷയങ്ങളെ ആസ്പദമാക്കിയായിരിക്കും അഖില കേരള ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. സ്‌കൂളുകളിൽ സ്മാർട്ട് എഡ്യൂക്കേഷൻ ഉറപ്പു വരുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പരിപാടി നടത്തുന്നത്. രണ്ടു വിദ്യാർത്ഥികൾ അടങ്ങുന്ന ഒരു ടീം ആയാണ് രജിസ്റ്റർ ചെയ്യേണ്ടത്. പ്രിലിമിനറി റൗണ്ടിൽ നിന്നും തെരഞ്ഞെടുക്കുന്ന ആറ് ടീമുകൾക്ക് ഫൈനലിൽ മത്സരിക്കാം. അശ്വമേധം ഫെയിം ഗ്രാൻഡ് മാസ്റ്റർ ജി.എസ് പ്രദീപ് ആണ് ക്വിസ് മാസ്റ്റർ. വ്യാഴാഴ്ച വൈകിട്ട് നാലിന് അണക്കര സെന്റ് തോമസ് ഫൊറോന ചർച്ച് ഓഡിറ്റോറിയത്തിൽ വച്ചാണ് മത്സരം . മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എം.പി, ‌ ജില്ല പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ, കളക്ടർ ഡോ. ദിനേശൻ ചെറുവത്ത്, ജെ.സി.ഐ ദേശീയസോൺ തല ഭാരവാഹികൾ എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുക്കും. പരിപാടിയുടെ പ്രചരണാർത്ഥമുള്ള പോസ്റ്ററിന്റെ പ്രകാശനം തൊടുപുഴയിൽ ഡീൻ കുര്യാക്കോസ് എം.പി. നിർവ്വഹിച്ചു. സ്വാഗത സംഘം ഓഫീസിന്റെ ഉദ്ഘാടനം സെപ്തംബർ മൂന്നിന് അണക്കരയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാക്കുന്നേൽ നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ ജെ.സി.ഐ അണക്കര സ്‌പൈസ് വാലി പ്രസിഡന്റ് റ്റിജോ മെത്രാൻപറമ്പിൽ, ജെ.സി.ഐ തേക്കടി സഹ്യാദ്രി പ്രസിഡന്റ് ഡോ. പ്രിൻസ് ഫ്രാങ്കോ, ഭാരവാഹികളായ സോവിൻ ആക്കിലേട്ട്, സാബു വയലിൽ, ബൈജു കുന്നേൽ എന്നിവർ പങ്കെടുത്തു.