ഉടുമ്പന്നൂർ: വ്യത്യസ്തതകളുടെ ഓണമൊരുക്കി ശ്രദ്ധേയമാവുകയാണ് ഉടുമ്പന്നൂർ പഞ്ചായത്ത്. ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന വയോ സൗഹൃദ കൂട്ടായ്മയായ ഉല്ലാസക്കൂടിന്റെ നേതൃത്വത്തിൽ ഇന്ന് വയോജന മഹോത്സവം ഒരുക്കും. വയോജനങ്ങളുടെ വിവിധ കലാ - കായിക മത്സരങ്ങൾ ഇതോടനുബന്ധിച്ച് നടക്കും. വിവാഹ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ 232 ദമ്പതികളെ ചടങ്ങിൽ ആദരിക്കും. കേരളത്തിൽ ഇത്തരത്തിൽ ഒരു ആദരവ് സംഘടിപ്പിക്കുന്ന ആദ്യ പഞ്ചായത്താണ് ഉടുമ്പന്നൂർ. പാലിയേറ്റീവ് അതിദാരിദ്ര്യ ആശ്രയ ലിസ്റ്റിലെ ഗുണഭോക്താക്കളായ 310 പേർക്ക് ഓണക്കോടിയും ഓണസദ്യയും നൽകും.
ആശ പ്രവർത്തകരേയും ഹരിത കർമ്മസേനാംഗങ്ങളേയും ഓണക്കോടി നൽകി ആദരിക്കും. ഉടുമ്പന്നൂർ സ്റ്റാർ ഓഡിറ്റോറിയത്തിൽ രാവിലെ 9ന് കലാകായിക മത്സരങ്ങൾ ആരംഭിക്കും. ഓണസദ്യയ്ക്ക് ശേഷം 2 ന് ആരംഭിക്കുന്ന സമാപന സമ്മേളനവും സ്‌നേഹാദരവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ ഉദഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ ട്രീസ ജോസ് മുഖ്യാതിഥിയായി ഓണസന്ദേശം നൽകും.