തൊടുപുഴ: എസ്.എൻ.ഡി.പി യോഗത്തിന്റെ കീഴിൽ ഈഴവ സമുദായം ഒരുമിക്കുന്നത് രാഷ്ട്രീയ പാർട്ടികളുടെ ഉറക്കം കെടുത്തുന്നതായി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. തൊടുപുഴ യൂണിയൻ നടത്തിയ ശാഖാ നേതൃത്വ സംഗമത്തിൽ സംഘടനാ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം.
ഒരു രാഷ്ട്രീയ പാർട്ടിയും നാം ഒറ്റക്കെട്ടായി നിൽക്കണമെന്ന് പറയില്ല. ഇതിന് തടയിടാൻ യോഗത്തെ തകർക്കുകയെന്ന അജൻഡ ചിലർക്കുണ്ട്. യോഗ നേതൃത്വത്തിന്റെ വളർച്ചയിൽ പലരും അസ്വസ്ഥരാണ്. ഇതിനായി ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രമാണ് ആവിഷ്‌കരിക്കുന്നത്. ഈ തിരിച്ചറിവ് നമുക്കുണ്ടാവണം. ഒരുമിച്ച് നിന്നില്ലെങ്കിൽ ഒന്നും നേടാനാവില്ല. മൈക്രോ ഫിനാൻസിന്റെ മറവിൽ യോഗത്തെ വേട്ടയാടാൻ കേസും കോടതിയുമായി ചിലർ നടക്കുകയാണ്. ചില യൂണിയനുകളിൽ ക്രമക്കേട് കണ്ടെത്തിയതിന് അവർക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇതെല്ലാം നടന്നത് എസ്.എൻ.ഡി.പി യോഗത്തിന്റെ അറിവോടെയാണെന്ന ലേബലിലാക്കാനാണ് ചിലരുടെ ശ്രമം. ഇതിലൂടെ ജനറൽ സെക്രട്ടറിയെ കരിവാരി തേക്കുകയാണ് ലക്ഷ്യം. തട്ടിപ്പിന് പുറത്താക്കിയവരാണ് പിന്നിൽ. കേസ് കൊടുത്തും ആരോപണങ്ങൾ ഉന്നയിച്ചും സംഘടനയെ തകർക്കുകയാണ് ലക്ഷ്യം. ഒരു സമുദായ നേതാവും ഇത്രയധികം കേസ് നേരിട്ടിട്ടുണ്ടാവില്ല. എന്നാൽ പരാതി നൽകിയ ഒരിടത്ത് നിന്നും സംഘടനയ്ക്കെതിരായി ഒരു പരാമർശം പോലും ഉണ്ടായിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. മരണത്തിന്റെ ആനുകൂല്യങ്ങൾ പോലും ജാതിയും മതവും നോക്കി നൽകുന്ന അവസ്ഥയിലേക്ക് കേരളത്തിൽ കാര്യങ്ങൾ എത്തിയിരിക്കുകയാണ്. ഗുരുദേവനെ ദൈവമായി അംഗീകരിക്കാൻ ഇപ്പോഴും ചിലർക്ക് മടിയാണ്. ഗുരു ഹൈന്ദവ ആചാരങ്ങൾക്കെതിരായിരുന്നെന്ന് സ്ഥാപിക്കാനാണ് ഇവരുടെ ശ്രമം. ഇത്തരക്കാരുടെ കാഴ്ചപ്പാടിൽ ഗുരു വിപ്ലവകാരിയും സാമൂഹ്യ പരിഷ്‌കർത്താവും മാത്രമാണ്. എന്നാൽ ക്രിസ്തുദേവനെയും നബി തിരുമേനിയേയും ഇവർ ദൈവമായി കാണുകയും ചെയ്യുന്നു. സംഘടനയെ കൂടുതൽ വിപുലീകരിക്കുകയാണ് ലക്ഷ്യം. ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.