തൊടുപുഴ: ന്യൂമാൻ കോളേജ് പോസ്റ്റ് ഗ്രാജുവേറ്റ് ആൻഡ് റിസർച്ച് ഡിപ്പാർട്ട്‌മെന്റ് നേതൃത്വം നൽകുന്ന സംരംഭകത്വ ക്ലബ്ബിന്റെ വിവിധ കർമ്മ പരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത സംരംഭകൻ ജോൺ കുര്യാക്കോസ് നിർവഹിച്ചു. തികഞ്ഞ ശുഭാപ്തി വിശ്വാസവും ഗുണമേന്മയുള്ള ഉത്പ്പന്നങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഇച്ഛാശക്തിയും കൈമുതലായുണ്ടെങ്കിൽ കേരളത്തിൽ വ്യവസായങ്ങൾ വിജയിപ്പിക്കുവാൻ സാധിക്കുമെന്ന് ക്ലബ്ബ് ഉദ്ഘാടനം ചെയ്ത അദ്ദേഹം അഭിപ്രായപ്പെട്ടു. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഘടിപ്പിക്കപ്പെട്ട സംരംഭകത്വ ശില്പശാലയിൽ മികച്ച ആശയങ്ങൾ പങ്കുവെച്ച വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ് അദ്ധ്യക്ഷത വഹിച്ചു. വകുപ്പ് മേധാവി ക്യാപ്റ്റൻ പ്രജീഷ് മാത്യു, ക്ലബ്ബ് കോ ർഡിനേറ്റർ ഡോ. ബോണി ബോസ്, വിദ്യാർത്ഥി പ്രതിനിധി ആഷ്ന മൈക്കിൾ
എന്നിവർ പ്രസംഗിച്ചു. സ്റ്റാർട്ടപ്പ് ആശയങ്ങളെ പ്രോത്സാഹിപ്പിക്കുവാനുള്ള വിവിധ പദ്ധതികൾക്ക് കോളേജ് നേതൃത്വം നൽകിവരുന്നു. പ്രത്യേകമായി കാർഷിക, വ്യവസായിക മേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് വിവിധ പ്രവർത്തനങ്ങൾ കോളേജിൽ ക്രമീകരിച്ചിട്ടുണ്ട്. വിവിധ കർമ്മ പരിപാടികൾക്ക് ജോഷ് ജോജോ, മഞ്ചിമ മോഹനൻ, സൽമാൻ ഫറിസി,സി. ബ്ലെസി ബിനോയ് എന്നിവർ നേതൃത്വം നൽകി.