തൊടുപുഴ: കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ട് കുടുംബ യൂണിറ്റ് തലം മുതൽ എസ്.എൻ.ഡി.പി യോഗം ആർജ്ജിക്കുന്ന പുത്തനുണർവിന്റെ നേർക്കാഴ്ചയായി മാറി തൊടുപുഴ യൂണിയൻ ശാഖാ നേതൃത്വ സംഗമം. ശാഖാ ഭാരവാഹികളുടെ പങ്കാളിത്തവും യൂത്ത്മൂവ്‌മെന്റ്, വനിതാസംഘം ഉൾപ്പെടെയുള്ള പോഷകസംഘടനകളുടെ നിറസാന്നിദ്ധ്യവും സംഗമത്തിന്റെ മാറ്റ് കൂട്ടി. തൊടുപുഴ യൂണിയന് കീഴിലുള്ള 44 ശാഖകളിൽ നിന്നായി 1500ൽപ്പരം പ്രതിനിധികളെയാണ് സംഗമത്തിൽ പ്രതീക്ഷിച്ചത്. പക്ഷേ, അത് രണ്ടായിരം കവിഞ്ഞ് ഓഡിറ്റോറിയം തിങ്ങിനിറഞ്ഞു. സംഗമത്തിന്റെ ഭാഗമായി നഗരവീഥികളാകെയും ശാഖാ ഓഫീസുകളും ഗുരുമന്ദിരങ്ങളുമെല്ലാം കൊടിതോരണങ്ങളാൽ പീതവർണ്ണമണിഞ്ഞിരുന്നു. മടക്കത്താനം ജോഷ് പവലിയനിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് സംഗമം നടന്നത്. രാവിലെ ഒമ്പതിന് യോഗചരിത്രത്തിന്റെ ഡോക്യുമെന്ററി പ്രദർശനം തുടങ്ങുമ്പോഴേ ഓഡിറ്റോറിയം ജനനിബിഡമായി. സംഘടനാ വിശദീകരണം നടത്തിയ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ വാക്കുകൾ ഹർഷാരവത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. തുഷാറിന്റെ പ്രസംഗം അവസാനിച്ച ശേഷം യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് വിശദമായി സംഘടനാ സന്ദേശം നൽകി. തുടർന്ന് 12 മണിയോടെയാണ് നിലയ്ക്കാത്ത മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വേദിയിലേക്കെത്തിയത്. എസ്.എൻ.ഡി.പി യോഗത്തിന്റെ സംഗമ വേദികളിൽ ഉയരുന്ന ഐക്യത്തിന്റെ ഈ കാഹളം സമുദായത്തിന്റെ ചരിത്രത്തിൽ പുതിയ വിജയങ്ങളുടെ അദ്ധ്യായങ്ങൾ എഴുതിച്ചേർക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഈഴവന് വേണ്ടി നിലപാടെടുക്കുന്നതിന്റെ പേരിൽ പടനായകനായ വെള്ളാപ്പള്ളി നടേശനെ വെട്ടിവീഴ്ത്താമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ ഓരോ യോഗം പ്രവർത്തകന്റെയും ശരീരത്തിൽ അവസാന തുള്ളി രക്തവും അവശേഷിക്കും വരെ അത് അനുവദിക്കില്ലെന്ന് സ്വാഗതമാശംസിച്ച തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ പറഞ്ഞു.
യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നൽകി. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് സംഘടനാ സന്ദേശം നൽകി. യൂണിയൻ ചെയർമാൻ ബിജു മാധവൻ സ്വാഗതവും കൺവീനർ പി.ടി. ഷിബു നന്ദിയും പറഞ്ഞു. യൂണിയൻ വൈസ് ചെയർമാൻ ആർ. ബാബുരാജ്, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ കെ.കെ. മനോജ്, സ്മിത ഉല്ലാസ്, എ.ബി. സന്തോഷ്, സൈബർ സേന സംസ്ഥാന ചെയർമാൻ അനീഷ് പുല്ലുവേലിൽ എന്നിവർ പങ്കെടുത്തു.