
വെള്ളിയാമറ്റം: പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കാർഷിക കർമ്മ സേന മഴമറയിൽ കൃഷി ചെയ്ത പൂക്കളുടെയും പച്ചക്കറികളുടെയും ആദ്യ വിളവെടുപ്പിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരി നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ഷേർളി ജോസുകുട്ടി അദ്ധ്യക്ഷത വഹിച്ചു. മഴമറയിലെ പച്ചക്കറികളുടെ ആദ്യ വിളവ് വെള്ളിയാമറ്റം കൃഷിഭവനിലെ ഓണവിപണിയിലേക്കും, ചെണ്ടുമല്ലി പൂക്കൾ പഞ്ചായത്തിന്റെ പൂക്കളമൊരുക്കാനും കാർഷിക കർമ്മ സേന നൽകി. കൃഷിവകുപ്പ് നടത്തുന്ന ഓണവിപണി ഇന്നലെ കൃഷിഭവന് സമീപം ആരംഭിച്ചു. മഴമറയിൽ നിന്ന് വിളവെടുത്ത വെണ്ടയ്ക്ക, സാലഡ് കുക്കുമ്പർ, അച്ചിങ്ങാ പയർ, പച്ചമുളക്, തക്കാളി എന്നിവ വിപണിയിൽ എത്തി. മഴമറയിൽ നടത്തിയ പച്ചക്കറികളുടെയും പൂക്കളുടെയും കൃഷി തങ്ങൾക്ക് ഒരു വേറിട്ട അനുഭവമായി മാറി കൂടുതൽ ആത്മവിശ്വാസം നൽകിയതിനാൽ ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മുമ്പോട്ട് പോകാനാണ് ഉദ്ദേശമെന്ന് കാർഷിക കർമ്മ സേനയെ പ്രതിനിധീകരിച്ച് സംസാരിച്ച ഉഷാകുമാരി ലാൽ പറഞ്ഞു . കൃഷി ഓഫീസർ നിമിഷ അഗസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്തംഗം ടെസിമോൾ മാത്യു, പഞ്ചായത്തംഗം അഭിലാഷ് രാജൻ, കർമ്മ സേനാ സൂപ്പർവൈസർ ജോൺസൺ തോമസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ ജയ്നമ്മ കെ.ജെ, മഴമറയുടെ ഉടമ അബ്രഹാം കൂട്ടുങ്കൽ, കാർഷിക കർമ്മ സേനാംഗങ്ങൾ, വികസന സമിതി അംഗങ്ങൾ, കൃഷിഭവൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.