കട്ടപ്പന: ഉപ്പുതറയിലെ ജല അതോറിറ്റിയുടെ പഴക്കം ചെന്ന പമ്പ് ഹൗസ് പുതുക്കി പണിയണമെന്ന ആവശ്യവുമായി നാട്ടുകാർ. കാലപ്പഴക്കത്താൽ ദ്രവിച്ചും ഏത് നിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ് പമ്പ് ഹൗസ് സ്ഥിതി ചെയ്യുന്നത്. പമ്പ് ഹൗസിന്റെ പല ഭാഗങ്ങളിൽ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. ഉപ്പുതറ ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ, 9 ഏക്കർ തുടങ്ങിയ പഞ്ചായത്തിലെ 80 ശതമാനം വീടുകളിലേക്കും ഇവിടെ നിന്നാണ് വെള്ളം എത്തിക്കുന്നത്. ഇതിനുള്ളിൽ സ്ഥിതിചെയ്യുന്ന മോട്ടർ ഉൾപ്പെടെയുള്ളവ അറ്റകുറ്റപ്പണികൾ നടത്തി നിലനിർത്തുന്നതല്ലാതെ പുതിയ പമ്പ് സെറ്റ് വാങ്ങി വയ്ക്കുന്നതിനുള്ള നടപടിയും സ്വീകരിച്ചിട്ടില്ല. കൂടാതെ ഇതിനുള്ളിൽ താമസിക്കുന്ന ജീവനക്കാർ ഏറെ ഭീതിയോടെയാണ് കഴിയുന്നത്. പമ്പ് ഹൗസിനുള്ളിലേക്ക് കയറുന്ന കൈവരികൾ തകർന്നും ഏതുനിമിഷവും അപകടം സംഭവിക്കാവുന്ന രീതിയിലുമാണ്. ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് പുതിയ പമ്പ് ഹൗസ് നിർമിക്കുന്നതിനാവശ്യമായ നടപടികൾ വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.