മുൻ വർഷത്തേക്കാൾ വില കുറവ്
വിപണിയിലെത്തിയിരിക്കുന്നത് മേട്ടുപ്പാളയൻ കുലകൾ
തൊടുപുഴ: ഓണ വിപണിയിൽ നേന്ത്രക്കായ താരമായി തുടരുന്നു. സാധാരണ ഗതിയിൽ ഓണക്കാലത്ത് വില വർദ്ധിക്കുകയാണ് ണ് പതിവെങ്കിൽ മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കായ്ക്ക് വിലകുറവാണ്. ഇതോടെ വിപണിയിൽ വിൽപ്പനയും തകൃതിയാണ്. ഓണസദ്യയിൽ പ്രധാനമായ ഉപ്പേരിക്കും ശർക്കര വരട്ടിക്കുമായാണ് ഇവ കൂടുതലും വിറ്റഴിക്കുന്നത്. എന്നാൽ നാടൻ കായ കുറവായതിനാൽ വിപണിയിലെത്തിയിരിക്കുന്നത് മേട്ടുപ്പാളയൻ കുലകളാണ്. ഇത്തവണ മേട്ടുപ്പാളയത്ത് വ്യാപകമായാണ് കൃഷി ഇറക്കിയത്. ഇവിടെ നിന്നും തോട്ടങ്ങൾ പാട്ടത്തിനെടുത്താണ് മൊത്തകച്ചവടക്കാർ വാഴക്കുലകൾ ജില്ലയിലെ വിപണിയിൽ എത്തിച്ചിരിക്കുന്നത്. വില കുറവായതിനാൽ ഇതിന് ആവശ്യക്കാരും ഏറെയാണ്. ഉപ്പേരി കച്ചവടക്കാരാണ് കായ കൂടുതലായും വാങ്ങുന്നത്. മൂന്നാഴ്ച മുമ്പ് വരെ വയനാട്ടിൽ നിന്നുള്ള നാടൻ കുലകൾ സുലഭമായിരുന്നെങ്കിലും ഇപ്പോൾ മേട്ടുപാളയം കായാണ് വിപണിയിലുള്ളത്. ഇതിന് പുറമേ നാഗർകോവിൽ, മൈസൂർ എന്നിവിടങ്ങളിൽ നിന്നും കുലകൾ അതിർത്തി കടന്നെത്താറുണ്ട്.
=35 രൂപയാണ് മൊത്ത വിപണിയിലെവില. ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ ഇത് 40രൂപവരെയാണ്. നാടൻ കായ്ക്ക് 50 രൂപയും ,
ഇത്തവണ കാലവർഷക്കെടുതിയിലും മറ്റുമായി വിളവിറക്കിയ നല്ലൊരു ശതമാനം കൃഷികളും നശിച്ചിരുന്നു. ഇതും നാടൻ കുലകളുടെ ദൗർലഭ്യത്തിന് കാരണമാണ്. അത്തം എത്തിയത് മുതൽ വിൽപ്പന വർദ്ധിച്ചതിനാൽ മൊത്ത വ്യാപാരകേന്ദ്രങ്ങളിലും തിരക്കാണ്. വി.എഫ്.സി.കെ സംഭരണ കേന്ദ്രങ്ങളിലും, കൃഷിഭവന്റെ കീഴിലുള്ള ജില്ലയിലെ 54 ഓണച്ചന്തകൾ വഴിയും വിൽപ്പന തകൃതിയാണ്.
പഴം - വിപണി വില
ഏത്തകായ - 35
ഞാലിപൂവൻ - 78
പാളയംകോടൻ (വരവ്) - 33
പാളയം കോടൻ (നാടൻ) - 30
വിപണിയിലെ വിലയിടിവ്
കർഷകർക്ക് തിരിച്ചടി
വില കുറഞ്ഞത് സാധാരണക്കാർക്ക് ആശ്വാസമാണെങ്കിലും കർഷകർക്ക് നിരാശ നൽകുന്നതാണ്. കാല വർഷക്കെടുതിയ്ക്കിടയിൽ പ്രതീക്ഷിച്ച വില ലഭിക്കാത്തതാണ് കർഷകർക്ക് തിരിച്ചടിയായത്. മറുനാടൻ വാഴക്കുലകൾക്ക് ആവശ്യക്കാർ ഏറിയതോടെ വിൽപ്പന നടക്കുന്നുണ്ടെങ്കിലും അദ്ധ്വാനത്തിനും ഉത്പാദന ചെലവിനും അനുസരിച്ചുള്ള വില കർഷകർക്ക് ലഭിക്കുന്നില്ല. പ്രതികൂല കാലാസ്ഥയെ അതിജീവിച്ചെത്തിയിട്ടും വിപണിയിൽ നേരിടേണ്ടി വന്ന വിലയിടിവ് ഇവരെ കൃഷിയിൽ നിന്നും പിന്നോട്ട് വലിക്കുകയാണ്. ഇത് മൂലം വാഴ വിത്തുകൾക്കും വില കുറഞ്ഞിട്ടുണ്ട്.