പുറ്റടി/ രാജാക്കാട്: എസ്.എൻ.ഡി.പി യോഗത്തെയും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും തകർക്കുകയാണ് ചിലരുടെ ലക്ഷ്യമെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. പുറ്റടിയിലും രാജാക്കാടും നടന്ന എസ്.എൻ.ഡി.പി യോഗം മലനാട്, പീരുമേട്, ഇടുക്കി യൂണിയനുകളുടെയും നെടുങ്കണ്ടം, അടിമാലി, രാജാക്കാട് യൂണിയനുകളുടെയും ശാഖാ നേതൃത്വ സംഗമത്തിൽ സംഘടനാ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. നവ മാദ്ധ്യമങ്ങളും മുഖ്യധാരാ മാദ്ധ്യമങ്ങളും നിരന്തരം എസ്.എൻ.ഡി.പി യോഗത്തെ തകർക്കാനുള്ള വാർത്തകൾ പടച്ചു വിടുകയാണ്. കോടതികൾ പലതവണ തള്ളിക്കളഞ്ഞ മൈക്രോ ഫിനാൻസ് പദ്ധതിയെക്കുറിച്ചുള്ള വ്യാജ പരാതികളാണ് മാദ്ധ്യമങ്ങൾ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ആഘോഷിച്ചത്. അതുകഴിഞ്ഞു യോഗം ജനറൽ സെക്രട്ടറി ജാതി പറയുന്നുവെന്നായി രാവിലെയും ഉച്ചക്കും വൈകിട്ടുമുള്ള ചർച്ച. ഈഴവന്റെ വ്യാവസായികവും വിദ്യാഭ്യാസപരവും സംഘടനാപരവുമായ വളർച്ചയ്ക്ക് വേണ്ടിയാണ് എസ്.എൻ.ഡി.പി യോഗം രൂപീകരിച്ചിട്ടുള്ളത്. ഈഴവ സമുദായത്തി ന് ചില ജില്ലകളിൽ ആവശ്യത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്ലെന്നും തങ്ങളോട് അവഗണനയാണെന്നും പറയുന്നത് എങ്ങനെ ജാതി പറയലാകും. മറ്റൊരു സമുദായത്തിന്റെയും ആനുകൂല്യങ്ങൾ നമുക്ക് വേണ്ട. നമുക്ക് ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട അവകാശം മാത്രമാണ് ചോദിക്കുന്നത്. ഒരു അമ്മയുടെ ഗർഭപാത്രത്തിലുണ്ടാകുന്ന കുഞ്ഞു അന്യ മതത്തിൽ ഉള്ളതാണെങ്കിൽ അതിനെ അവിടെ വച്ചു തന്നെ കൊല്ലണമെന്ന് പറഞ്ഞ വർഗീയ വിഷം തുപ്പുന്നയാളുകൾ ജീവിക്കുന്ന നാടാണിത്. ജനറൽ സെക്രട്ടറി ഒരു സമുദായത്തിനെതിരെയും ഒന്നും പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല, സ്വന്തം സമുദായം നേരിടുന്ന അവഗണന ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രചരണം എല്ലാം വ്യാജമാണ്. മൈക്രോ ഫിനാൻസിന്റെ പേരിൽ ഒരു കേസ് പോലും ജനറൽ സെക്രട്ടറിക്കെതിരെ ഇല്ല. ഒരു കേസിലും യോഗത്തെയോ ജനറൽ സെക്രട്ടറിയെയോ ബന്ധപ്പെടുത്താനും കഴിയില്ല. ഏതെങ്കിലും അപൂർവം ചില യൂണിയനുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അന്ന് പുറത്ത് ആക്കിയവരാണ് ഇപ്പോൾ ആക്ഷേപം ഉന്നയിക്കുന്നത്. എസ്.എൻ.ഡി.പി യോഗത്തെയും ജനറൽ സെക്രട്ടറിയെയും തകർക്കാൻ നിരന്തരം ശ്രമിക്കുന്ന ചിലരാണ് ഇതിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.