പുറ്റടി: രാവിലെ പുറ്റടിയിലായാലും ഉച്ചയ്ക്ക് രാജാക്കാടായാലും ആവേശം അങ്ങ് വാനോളമായിരുന്നു. രണ്ടിടത്തും സംഘാടകരുടെ കണക്കുകൂട്ടൽ തെറ്റിച്ച് ഒഴുകിയെത്തിയത് ആയിരക്കണക്കിന് സമുദായംഗങ്ങൾ. പുറ്റടി എസ്.എൻ ഓഡറ്റോറിയത്തിൽ നടന്ന മലനാട്, പീരുമേട്, ഇടുക്കി യൂണിയനുകളുടെ ശാഖാ നേതൃത്വ സംഗമത്തിലേക്ക് ശാഖാ ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ, പോഷകസംഘടനാ ഭാരവാഹികൾ എന്നിവരുൾപ്പെടെ ഏകദേശം മൂവായിരത്തോളം പേർ പങ്കെടുക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ രാവിലെ ഒമ്പതിന് തന്നെ ഓഡിറ്റോറിയം നാലായിരത്തിലധികം ശ്രീനാരായണീയരെക്കൊണ്ട് നിറഞ്ഞു. എണ്ണമേറിയതോടെ കൂടുതൽ കസേരകൾ കൊണ്ടുവരേണ്ടി വന്നു. വിശാലമായ എൽ.ഇ.ഡി സ്‌ക്രീൻ വച്ചാണ് സമ്മേളന പരിപാടികൾ പ്രദർശിപ്പിച്ചത്. മുപ്പത് വർഷം നീണ്ട ജനറൽ സെക്രട്ടറിയുടെയുംയോഗത്തിന്റെയും ചരിത്രമടങ്ങിയ ഡോക്യുമെന്ററി പ്രദർശനം ഏവരെയും ആകർഷിച്ചു.

മുഴുവൻ പേർക്കും വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു.

ഉച്ചകഴിഞ്ഞ് രണ്ടിന് രാജാക്കാട് എൻ.ആർ. സിറ്റി എസ്.എൻ.വി ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിച്ച നെടുങ്കണ്ടം, രാജാക്കാട്, അടിമാലി യൂണിയനുകളുടെ ശാഖാ നേതൃത്വ സംഗമത്തിനും സമാനതകളില്ലാത്ത ജനസഞ്ചയമാണ് ഒഴുകിയെത്തിയത്. മനോഹരമായി അലങ്കരിച്ച സ്കൂൾ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞിരുന്നു. രണ്ടിടത്തും സംഘടനാ വിശദീകരണം നടത്തിയ യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയുടെ വാക്കുകൾ ഹർഷാരവത്തോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് വിശദമായി സംഘടനാ സന്ദേശം നൽകി. യൂത്ത്മൂവ്മെന്റ് പ്രവർത്തകരുടെ വാശിയേറിയ മുദ്രാവാക്യം വിളികളോടെയാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുറ്റടിയിലും രാജാക്കാടും വേദിയിലേക്ക് ആനയിച്ചത്. സംഗമത്തിന്റെ ഭാഗമായി നഗരവീഥികളാകെയും ശാഖാ ഓഫീസുകളും ഗുരുമന്ദിരങ്ങളുമെല്ലാം കൊടിതോരണങ്ങളാൽ പീതവർണ്ണമണിഞ്ഞിരുന്നു. വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി സംഗീത വിശ്വനാഥ്,യൂണിയൻ പ്രസിഡന്റുമാരായ ബിജു മാധവൻ, എം.ബി. ശ്രീകുമാർ, സജി പറമ്പത്ത്, ചെമ്പൻകുളം ഗോപി വൈദ്യർ, പി. രാജൻ, യൂണിയൻ സെക്രട്ടറിമാരായ കെ.എസ്. ലതീഷ് കുമാർ, സുധാകരൻ ആടിപ്ലാക്കൽ, പി.ടി. ഷിബു, വിനോദ് ഉത്തമൻ, സുരേഷ് കോട്ടയ്ക്കകത്ത്, കെ.പി. ബിനു, യോഗം ഇൻസ്പകെിംഗ് ഓഫീസർ പി.ആർ. മുളരീധരൻ, ഇടുക്കി യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം, പീരുമേട് യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. രാജൻ, രാജാക്കാട് യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ തുടങ്ങിയവർ സംസാരിച്ചു.

അവിടെ ഗജരാജൻ, ഇവിടെ 89 മൺചിരാതുകൾ

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയായി 30 വർഷവും 89-ാം ജന്മദിനവും ആഘോഷിക്കുന്ന വെള്ളാപ്പള്ളി നടേശന് പുറ്റടിയിലും രാജാക്കാടും വ്യത്യസ്തമായ സ്വീകരണമാണ് സംഘാടകർ ഒരുക്കിയിരുന്നത്. യോഗം ജനറൽ സെക്രട്ടറിയായി 30 വർഷം പൂർത്തിയാക്കിയ വെള്ളാപ്പള്ളിക്ക് 30 കുമാരിസംഘം പ്രവർത്തകർ ചേർന്ന് മനോഹരമായ ഗജ വീരന്റെ ശിൽപ്പവും ഏഴു തരം നാണ്യവിളകൾ അടങ്ങിയ പെട്ടിയുമാണ് സമ്മാനിച്ചത്. സംഘടനയുടെ കപ്പിത്താന് പീരുമേട് യൂണിയൻ കപ്പലും ഇടുക്കി യൂണിയൻ ഏലയ്ക്കാ മാലയും സമ്മാനിച്ചു. രാജാക്കാടെത്തിയ ജനറൽ സെക്രട്ടറിയെ 89-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി 89 വനിതകൾ മൺചിരാത് തെളിച്ചാണ് വരവേറ്റത്. ഒപ്പം ജന്മദിന കേക്കും മുറിച്ചു.

ആറ് വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്

ജില്ലയിലെ ആറ് യൂണിയനുകളിൽ നിന്നായി ആറ് വിദ്യാർത്ഥികൾക്ക് ജനറൽ നഴ്സിംഗ് പഠിക്കാൻ സ്കോളർഷിപ്പ് നൽകുമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചു. ഡൊണേഷൻ ഇല്ലാതെ ശങ്കേഴ്സ് ആശുപത്രിയിൽ ഇവർക്ക് അഡ്മിഷൻ നൽകും. അഡ്മിഷൻ കാര്യങ്ങൾക്കായി മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവനെ ജനറൽ സെക്രട്ടറി ചുമതലപ്പെടുത്തി.