കട്ടപ്പന: ജില്ലയിലെ എൽ.പി.എസ്.ടി തമിഴ് മീഡിയം അദ്ധ്യാപക നിയമനത്തിനുള്ള പി.എസ്.സി റാങ്ക് ലിസ്റ്റ് വന്ന് 100 ദിവസം പിന്നിട്ടിട്ടും അഡൈ്വസ് വന്നിട്ടില്ലെന്ന് ഉദ്യോഗാർഥികൾ. റാങ്ക് ലിസ്റ്റ് വന്ന് 45 ദിവസത്തിനുള്ളിൽ അഡൈ്വസ് മെമ്മോ വരേണ്ടതാണ്. എന്നാൽ മേയ് മാസം റാങ്ക് ലിസ്റ്റ് വന്നെങ്കിലും അഡൈ്വസ് മെമ്മോ അയക്കാതെ ജില്ലാ പി.എസ്.സി ഓഫീസ് അനാസ്ഥ തുടരുകയാണെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു.ലിസ്റ്റിൽ ഉൾപ്പെട്ട ഒരു ഉദ്യോഗാർത്ഥിയുടെ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിൽ പ്രശ്നമുണ്ടെന്നാണ് ഡയറ്ര്രകറേറ്റിൽ അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്. അന്തരിച്ച പീരുമേട് എം.എൽ.എ പി.എസ്.സി ഓഫീസിൽ വിളിച്ച് അന്വേഷിച്ചപ്പോൾ അഡ് വൈസ് എഴുതി വച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം അയക്കുമെന്നുമായിരുന്നു മറുപടി.
നേരിട്ട് പി.എസ്.സി ഓഫീസിലെത്തിയപ്പോൾ തിരുവനന്തപുരത്ത് ഹെഡ് ഓഫീസിൽ നിന്ന് വ്യക്തത വരുത്തണമെന്നായിരുന്നു പറഞ്ഞത്. തിരുവനന്തപുരത്ത് അന്വേഷിച്ചപ്പോൾ ഇത്തരത്തിൽ ഒരു പേപ്പർ ഇവിടെ എത്തിയിട്ടില്ലെന്നാണ്.
ഈ കാലയളവിൽ റാങ്ക് ലിസ്റ്റ് വന്ന് മറ്റു പല തസ്തികകളിൽ ഉള്ളവർക്കും അഡൈ്വസ് വരികയും ഇവർക്ക് മൂന്ന് മാസത്തെ സർവീസ് ആകുകയും ചെയ്തിട്ടുണ്ട്.മറ്റു ജില്ലകളിൽ പരീക്ഷയെഴുതിയ ഉദ്യോഗാർഥികൾക്കും അഡൈ്വസ് അയച്ചിട്ടുണ്ട്. തങ്ങളുടെ ലിസ്റ്റിൽപെട്ട പലർക്കും ഇത് ലാസ്റ്റ് ചാൻസാണ്. പ്രായപരിധി കഴിയാറായി നിക്കുന്നവരും ലിസ്റ്റിലുണ്ട്. ഇതിൽ ഒരു ഉദ്യോഗാർഥി ക്യാൻസർ രോഗിയാണെന്നും വിഷയത്തിൽ എത്രയും വേഗം ഒരു പരിഹാരം ഉണ്ടാകണമെന്നും റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള മനോജ് കുമാർ, ഗൗതമൻ, എസ്. ശശികല, ജെനിഫർ, നിസി സ്റ്റീഫൻ, കനക ലക്ഷ്മി, അഖില, സുധ, ശുഭ, സുബിത, മേരി ഷൈല എന്നിവർ പറഞ്ഞു.