പുറ്റടി/ രാജാക്കാട്: ശരിയത്ത് നിയമം അനുസരിച്ച് ഇസ്ലാമിക രാഷ്ട്രം സ്ഥാപിച്ച് ഇന്ത്യയിൽ ഭരണം നടത്തണമെന്നാണ് മുസ്ലീം ലീഗിന്റെ ആഗ്രഹമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പുറ്റടിയിലും രാജാക്കാടുമായി നടന്ന എസ്.എൻ.ഡി.പി യോഗം മലനാട്, പീരുമേട്, ഇടുക്കി യൂണിയനുകളുടെയും നെടുങ്കണ്ടം, അടിമാലി, രാജാക്കാട് യൂണിയനുകളുടെയും ശാഖാ നേതൃത്വ സംഗമത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മുസ്ലീം ലീഗ് എന്ന് പറഞ്ഞാൽ മുസ്ലീം കൂട്ടായ്മയാണ്. അവർക്ക് മതേതരത്വം പറയാൻ എന്ത് അവകാശം. ലീഗിൽ മുസ്ലീമല്ലാത്ത ഒരു എം.എൽ.എയുണ്ടോ എം.പിയുണ്ടോ എന്നെങ്കിലും മന്ത്രിയുണ്ടായിട്ടുണ്ടോ. രാജ്യത്ത് അവരുടെ മതത്തിന് അനുസരിച്ച് ഭരണം വരണമെന്ന് ആഗ്രഹിക്കുന്നവരാണിവർ. അല്ലെങ്കിൽ അവർ ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്നുണ്ടെന്ന് പറയട്ടേ. അവരുടെ മനസ് ഇപ്പോഴും പാക്കിസ്ഥാനിലാണ്. പണ്ട് ലീഗ് ചത്ത കുതിരയാണെന്ന് നെഹ്രു പറഞ്ഞു. അപ്പോൾ തങ്ങൾ ഉറങ്ങുന്ന സിംഹമാണെന്ന് സി.എച്ച്. മുഹമ്മദ്കോയ മറുപടി പറഞ്ഞു. ഇന്ന് അവർ ശരിക്കും സംഘടിതരായി മാറി. അതോടെ മുസ്ലീംലീഗിന് മുന്നിൽ ചാടി കളിക്കുന്ന കുഞ്ഞിരാമനായി കോൺഗ്രസ് അധഃപതിച്ചു. കോൺഗ്രസിന്റെ തല അവരുടെ കക്ഷത്തിലാണ്. ലീഗ് പറയുന്നത് അനുസരിച്ച് പ്രവർത്തിച്ചില്ലെങ്കിൽ കേരളത്തിൽ ഭരണം കിട്ടില്ലെന്നതാണ് സ്ഥിതി.
ലീഗിന് മാത്രം ഒറ്റ ജില്ലയിൽ 17 കോളേജുകളുണ്ട്. നമുക്ക് കേരളത്തിലാകെ 18 കോളേജുകളാണുള്ളത്. അവർക്ക് കൊടുക്കുന്നതിൽ കുഴപ്പമില്ല. നമുക്ക് ഒരു കുടിപള്ളികൂടമെങ്കിലും തരേണ്ടേ. തന്റെ സമുദായത്തിന്റെ ദുഃഖമാണ് പറഞ്ഞത്. അല്ലാതെ മുസ്ലീം സമുദായത്തെ താൻ ഒന്നും പറഞ്ഞില്ല. മുസ്ലീം വിഭാഗങ്ങളിലെ സമ്പന്നരുണ്ടാക്കിയ ട്രസ്റ്റുകൾക്കാണ് ഈ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊടുത്തത്. ഇത് പറഞ്ഞതിനാണ് തന്റെ കോലം കത്തിച്ചത്. തന്റെ കോലം കത്തിക്കുകയെന്നാൽ എസ്.എൻ.ഡി.പി യോഗത്തെ കത്തിക്കുന്നതിന് തുല്യമാണ്. കേരളത്തിലെ ഒരു സർവകലാശാലകളിലും ഈഴവനായ ഒരു വി.സിയില്ല. ഇടതുപക്ഷ സർക്കാർ ശ്രീനാരായണ ഗുരു യൂണിവേഴ്സിറ്രി ആരംഭിച്ചപ്പോൾ വി.സിയായി നിയമിച്ചത് യോഗ്യനല്ലാത്ത ഒരു മുസ്ലീമിനെയാണ്. എൽ.ഡി.എഫ് സർക്കാർ ചെയ്തത് ശരിയല്ലെന്ന് താൻ പറഞ്ഞപ്പോൾ എതിർപ്പുമായി വന്നത് ഇടതുപക്ഷമല്ല, യു.ഡി.എഫിൽ നിന്ന് കുഞ്ഞാലിക്കുട്ടിയാണ്. താൻ പറഞ്ഞത് ശരിയാണെന്ന് പറയാൻ ആരുമില്ലായിരുന്നു. ഒമ്പത് രാജ്യസഭാ എം.പിമാരിൽ ഒരു പിന്നാക്കക്കാരനെ പോലും ഉൾപ്പെടുത്താത്തത് ശരിയായില്ലെന്ന് താൻ പറഞ്ഞപ്പോൾ മുസ്ലീംലീഗും കാന്തപുരവുമടക്കമുള്ളവർ ചേർന്ന് തന്നെ വർഗീയവാദിയാക്കി. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയിൽ നിന്ന് താൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ കടന്നാക്രമിച്ചു. എത്ര ആക്രമണം നടത്തിയാലും അവസാന ശ്വാസം വരെയും സമുദായത്തിന് വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.