തൊടുപുഴ: ഓണത്തിരക്കിനിടയിൽ സദ്യയ്ക്കുള്ള പച്ചക്കറി അറിയാൻ സമയമില്ലാത്തവർ ആശ്വാസമായി 'റെഡി ടൂ കുക്ക് ". ഓണസദ്യക്ക് ആവശ്യമായ പച്ചക്കറി വിഭവങ്ങൾ ഒന്ന് കഴുകി വാരി പാചകം ചെയ്താൽ മാത്രം മതിയാകും. തൊടുപുഴ കൃഷിഭവന്റെ നിയന്ത്റണത്തിൽ നടത്തുന്ന അഗ്രോ സർവീസ് സെന്ററിന്റെ 'റെഡി ടു കുക്ക് " എന്ന സിവിൽ സ്റ്റേഷനിലിലെ വിൽപ്പന കേന്ദ്രമാണ് ഇത്തരമൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്. സദ്യയിലെ പ്രധാന വിഭവങ്ങളായ സാമ്പാർ, അവിയൽ, എരിശേരി എന്നിവയ്ക്കുള്ള കിറ്റ് മുതൽ കൂൺ വരെ ഇവിടെയുണ്ട്. അരിഞ്ഞ് റെഡിയാക്കി പായ്ക്ക് ചെയ്തിരിക്കുന്ന പച്ചക്കറികൾക്ക് 50 രൂപയാണ് വില. സാമ്പാർ, അവിയൽ പായ്ക്കറ്റുകൾ അരക്കിലോയും മറ്റ് പച്ചക്കറികൾ 400 ഗ്രാം പായ്ക്കറ്റുകളുമാണ്. കൂൺ വില 200 ഗ്രാമിന് 90 രൂപയാണ്. വർഷങ്ങളായി അഗ്രോ സർവീസ് സെന്റർ കേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. തൊടുപുഴ കൃഷി ഭവൻ കർഷകരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്ന പച്ചക്കറികളാണ് ഇവിടെ വിൽക്കുന്നത്. കടകളിൽ നിന്ന് ലഭിക്കുന്ന വരവ് പച്ചക്കറികൾ ഇവിടെയില്ലെന്നത് പ്രത്യേകതയാണ്. ശുദ്ധമായ പച്ചക്കറികൾ അരിഞ്ഞ് കവറിലാക്കി നൽകുന്നതിനാൽ വിപണിയിൽ വൻ ഡിമാൻഡാണ്. കൃഷിഭവനിലെത്തിക്കുന്ന പച്ചക്കറികൾ രാവിലെ തന്നെ അഗ്രോ സർവീസ് സെന്റർ ജീവനക്കാർ അരിഞ്ഞ് തൂക്കി കവറിലാക്കി ഇവിടെയെത്തിക്കും. സിവിൽ സ്റ്റേഷനിലെ ജീവനക്കാർ ഭൂരിപക്ഷവും വാങ്ങുന്നത് ഇവിടെയുള്ള പായ്ക്ക് ചെയ്ത പച്ചക്കറികളാണ്. ജീവനക്കാർക്ക് മാത്രമല്ല വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതുജനങ്ങൾക്കും ഈ വിപണി ആശ്വാസമാണ്. മുൻകൂറായി അറിയിച്ചാൽ അളവിനനുസരിച്ചുള്ള പച്ചക്കറികൾ പ്രത്യകമായി എത്തിച്ച് നൽകും. ശരാശരി 75 പായ്ക്കറ്റുകൾ വിറ്റഴിക്കാറുണ്ട്. എന്നാൽ ഓണക്കാലമായതോടെ ഇത് 150 പായ്ക്കറ്റുകൾ വരെയായിട്ടുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് വിൽപ്പന.
പച്ചക്കറി വിഭവങ്ങൾ
സാമ്പാർകൂട്ടം, അവിയൽകൂട്ടം, എരിശേരി, ഏത്തയ്ക്ക, പയർ, ക്യാരറ്റ്, ബീറ്റ് റൂട്ട്, പീച്ചിൽ , വെണ്ടയ്ക്ക, മാങ്ങാ അച്ചാർ, ചേന, ചതുരപ്പയർ, കൂൺ.