ഇടുക്കി: ആർമി റിക്രൂട്ട്‌മെന്റ് റാലി 10 മുതൽ 16 വരെ നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കായാണ് റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നത്. എഴുത്ത് പരീക്ഷ വിജയിച്ച് റാങ്ക് ലിസ്റ്റിൽ ഇടം നേടിയ ഉദ്യോഗാർത്ഥികളാണ് റിക്രൂട്ട്‌മെന്റ് റാലിയിൽ പങ്കെടുക്കുന്നത്. ഏഴ് ജില്ലകളിൽ നിന്നായി മൂവായിരത്തിലധികം ഉദ്യോഗാർഥികൾ റാലിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 10ന് ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ നിന്നായി ജനറൽ ഡ്യൂട്ടി വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പിനായി 642 ഉദ്യോഗാർത്ഥികളും 11ന് തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിൽ നിന്നായി 788 പേരും 12 ന് കൊല്ലം ജില്ലയിൽ നിന്ന് 829 പേരും 13ന് ഏഴ് ജില്ലകളിൽ നിന്നായി ടെക്നിക്കൽ സ്റ്റാഫ് വിഭാഗത്തിലേക്കുള്ള തിരഞ്ഞെടുപ്പിനായി 843 പേരും പങ്കെടുക്കും. 13ലെ ഫിസിക്കൽ ടെസ്റ്റിൽ പങ്കെടുത്ത് വിജയിച്ചവർക്ക് 14 ന് മെഡിക്കൽ ടെസ്റ്റ് നടത്തും. 15ന് ജനറൽ ഡ്യൂട്ടിക്കുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് പാരാ റെജിമെന്റിലിക്ക് പോകാൻ താത്പര്യമുള്ളവർക്ക് 5 കി.മീ റൺചേസ് നടത്തും. 16ന് റിക്രൂട്ട്‌മെന്റ് റാലി പായ്ക്കപ്പ് ചെയ്യും. 120 ആർമി ഉദ്യോഗസ്ഥർക്കാണ് നടത്തിപ്പ് ചുമതല. റാലിയിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾ പുലർച്ചെ നാലിന് പഞ്ചായത്ത് ടൗൺ ഹാളിൽ എത്തിച്ചേരണം. അഡ്മിറ്റ് കാർഡ് സ്‌കാൻ ചെയ്തതിന് ശേഷം 100 പേരുടെ ബാച്ചുകളായി തിരിച്ച് നെടുങ്കണ്ടം സിന്തറ്റിക് ഗ്രൗണ്ടിൽ പ്രവേശിപ്പിക്കും. രാവിലെ അഞ്ചിന് ഫിസിക്കൽ ടെസ്റ്റ് ആരംഭിക്കും. ഫിസിക്കൽ ടെസ്റ്റിൽ വിജയിക്കുന്നവർക്ക് മെഡിക്കൽ ടെസ്റ്റും നടത്തും. റാലിക്കെത്തുന്ന ഉദ്യോഗാർത്ഥികൾക്കായി കെ.എസ്.ആർ.ടി.സി അധിക സർവീസുകൾ ഉണ്ടാകും. പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നെടുങ്കണ്ടം, രാമക്കൽമേട് എന്നിവിടങ്ങളിൽ ന്യായമായ നിരക്കിൽ താമസ സൗകര്യം ലഭ്യമാക്കുന്നതിന് നെടുങ്കണ്ടത്തെ വ്യാപാരി വ്യവസായി സംഘനാ പ്രതിനിധികളും രാമക്കൽമെട്ടിലെ സ്വകാര്യ റിസോർട്ട് ഉടമകളുമായി ജില്ലാ ഭരണകൂടം നടത്തിയ ചർച്ചയിൽ തീരുമാനമായിട്ടുണ്ട്. രാമക്കൽമേട്ടിൽ താമസ സൗകര്യം ആവശ്യമുള്ള ഉദ്യോഗാർത്ഥികൾക്ക്

9526836718, 9447232276 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.