തൊടുപുഴ : നിയമസഭ 2023ൽ പാസാക്കിയ ഭൂപതിവ് ഭേദഗതി ബില്ലിന് ഗവർണർ അനുമതി നൽകി ഒരു വർഷത്തിന് ശേഷം ഉണ്ടാക്കിയ ചട്ടങ്ങൾ അങ്ങേയറ്റം ജനവിരുദ്ധവും തുല്യ നീതി നടപ്പാക്കാത്തതുമാണെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് പറഞ്ഞു. പുതിയതായി നിർമ്മിച്ച ചട്ടങ്ങൾ ജില്ലയിലെ ഭൂപ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയിരിക്കുകയാണ്. കാലാകാലങ്ങളായി ഈ ജില്ലയിലെ ജനങ്ങൾ 1964ലെയും 1993ലെയും ചട്ടപ്രകാരമുള്ള പട്ടയസ്ഥലത്ത് നിലവിലുള്ള എല്ലാ നടപടികളും പൂർത്തീകരിച്ചാണ് കെട്ടിടങ്ങൾ പണിതിട്ടുള്ളത്. പുതിയ ചട്ടങ്ങൾ വന്നതോടെ കർഷകന്റെ കൈവശമുള്ള ഭൂമിയിൽ പുതിയതായി നിർമ്മാണം നടത്തുന്നത് നിയമവിരുദ്ധമായിരിക്കുകയാണ്. ഈ വിഷയത്തിൽ മന്ത്രിയുടെയും എൽ.ഡി.എഫ് നേതാക്കളുടെയും അഭിപ്രായം അറിയാൻ ജനങ്ങൾക്ക് ആഗ്രഹമുണ്ട്. പുതിയതായി ഫീസ് ഈടാക്കുമ്പോൾ ഭൂമിയുടെ അടിസ്ഥാന വിലയുടെ 5% മുതൽ മുകളിലേയ്ക്ക് ഈടാക്കാമെന്നുള്ള വ്യവസ്ഥ ഈ ഭൂമിയിലെ ജനങ്ങൾക്കുള്ള തുല്യനീതി നിഷേധിക്കലാണ്. ഈ നിയമവും ചട്ടങ്ങളും രൂപീകരിക്കുന്ന സമയത്ത് യു.ഡി.എഫ് ഈ ആശങ്ക പങ്കുവെച്ചതാണ്. നിബന്ധനകൾ ഇല്ലാതെ മുൻകാല പ്രാബല്യത്തോടെ നിർമ്മിച്ച കെട്ടിടങ്ങൾ ക്രമവത്ക്കരിച്ച് കൊടുക്കുമെന്നുള്ള ജനങ്ങളുടെ പൊതുവായ ആവശ്യം പൂർണ്ണമായും നിഷേധിച്ചിരിക്കുകയാണ്. ഭൂപതിവ് നിയമങ്ങളും ചട്ടങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിന് ജില്ലാ കമ്മിറ്റി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും എം.ജെ. ജേക്കബ് പറഞ്ഞു.