joint

തൊടുപുഴ: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷി വിളവെടുത്ത് മുതലക്കുടം സ്‌നേഹാലയത്തിന് കൈമാറി.

കുമാരമംഗലം ഗ്രാമ പഞ്ചായത്തിലെ മുപ്പത് സെന്റ് സ്ഥലം പാട്ടത്തിനെടുത്താണ് ഹൈബ്രിഡ് പച്ചക്കറി തൈകളായ മുളക്, വെണ്ട, പീച്ചിങ്ങ , വഴുതന, തക്കാളി തുടങ്ങിയവയാണ് കൃഷി ചെയ്തത്. തൈകൾ കുമാരമംഗലം കൃഷിഭവനിൽ നിന്നും സൗജന്യമായാണ് ലഭിച്ചത്. രാവിലെയും വൈകിട്ടും കൂടാതെ ഒഴിവു വരുന്ന ദിവസങ്ങളിലുമാണ് പ്രവർത്തകർ കൃഷി പരിപാലിക്കാൻ സമയം കണ്ടെത്തിയത്. എല്ലാ വർഷവും വിളവെടുക്കുന്ന പച്ചക്കറികൾ ഓണത്തിനോടനുബന്ധിച്ച് അനാഥാലയങ്ങൾക്ക് നൽകാൻ ജോയിന്റ് കൗൺസിൽ തീരുമാനിച്ചതിന്റെ ഭാഗമായി മുതലക്കുടം സ്‌നേഹാലയത്തിന് നൽകിയ പച്ചക്കറി വിതരണ ഉദ്ഘാടനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഡി.ബിനിൽ നിർവ്വഹിച്ചു..

ജില്ലാ പ്രസിഡന്റ് കെ.എസ് രാഗേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന കമ്മിറ്റിയംഗം എസ്.കെ.എം ബഷീർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ വി.കെ.ജിൻസ്, വി.എം ഷൗക്കത്തലി, ജില്ലാ ജോയിന്റ് സെക്രട്ടറി എ.കെ സുഭാഷ്,സി.എ ശിവൻ, എൻ.എച്ച് സനൂജ,റ്റി.എസ് അനൂപ് എന്നിവർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ആർ.ബിജുമോൻ സ്വാഗതംപറഞ്ഞു.