മൂന്നാർ: കാന്തല്ലൂരിൽ കാടുകയറാതെ കാട്ടാനകൾ ജനവാസ മേഖലയിൽ നാശം വിതയ്ക്കുന്നു. കഴിഞ്ഞ ദിവസം രാവിലെ മൂന്നിനാണ് കാന്തല്ലൂരിലെ സ്വകാര്യ കാട്ടാനയെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വ്യാപക നാശം വരുത്തിയത്. രണ്ട് കാട്ടാനകളാണ് റിസോർട്ടിലെത്തിയത്. ഇവിടെ സ്ഥാപിച്ചിരുന്ന കമ്പിവേലികൾ കാട്ടാന തകർത്തു. തുടർന്ന് സമീപത്തുണ്ടായിരുന്ന വാഴ കൃഷി പൂർണ്ണമായി നശിപ്പിച്ചു. അഞ്ചാം തവണയാണ് ഇവിടെ കാട്ടാനയെത്തി ആക്രമണം നടത്തുന്നതെന്നും ഓരോ തവണയും വലിയ നഷ്ടം ഉണ്ടാകുന്നുണ്ടെന്നും ഇവർ പറയുന്നു. പ്രദേശത്ത് കഴിഞ്ഞവർഷം വ്യാപകമായി കൃഷി നാശവും അപകടവും സംഭവിച്ചതിനെ തുടർന്ന് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്നാണ് പ്രദേശത്ത് നിന്ന് വനത്തിലേക്ക് കാട്ടാനകളെ കടത്തിവിട്ടത്. എന്നാൽ കഴിഞ്ഞ ആഴ്ച മുതൽ വീണ്ടും പ്രദേശത്ത് കാട്ടാനകളെത്തി തമ്പടിച്ചിരിക്കുന്ന സ്ഥിതിയുണ്ട്. വിവരം അറിയിച്ചാൽ പോലും വനം വകുപ്പ് ഉദ്യോഗസ്ഥർ എത്താറില്ലെന്നും രാത്രിയിൽ കാട്ടാന എത്തിയ വിവരം അറിയിച്ചിട്ടും ഉദ്യോഗസ്ഥരെത്തിയത് രാവിലെയാണെന്നും ആക്ഷേപം ഉയർന്നു കഴിഞ്ഞു. ചിന്നാർ വന്യജീവി സങ്കേതത്തിൽ നിന്ന് കടന്ന് ജനവാസ മേഖലയിൽ എത്തുന്ന കാട്ടാനകൾ വനാതിർത്തിയോട് ചേർന്ന് കിടക്കുന്ന പാമ്പൻപാറ, പുതുവെട്ട്, പെരടിപള്ളം, വേട്ടക്കാരൻ കോവിൽ, ശിവൻ പന്തിവഴിയാണ് ഗ്രാമങ്ങളിലേക്ക് കടക്കുന്നത്. ഈ പാതയിൽ വനപാലകർ നിരീക്ഷണം നടത്തി കാട്ടാനകളെ തടഞ്ഞ് തിരിച്ചു വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.