തൊടുപുഴ: മുറ്റങ്ങളിലെല്ലാം പൂക്കളം, മനസും വയറും നിറയുന്ന ഓണസദ്യ, എല്ലാവർക്കും ഓണക്കോടി, കുട്ടികൾക്കെല്ലാം ഊഞ്ഞാലാട്ടം, തിരുവോണപ്പുലരിക്ക് ഇനി മണിക്കൂറുകൾ മാത്രം. നാടും നഗരവും മാവേലി മന്നനെ വരവേൽക്കാൻ ഒരുങ്ങിയിരിക്കുകയാണ്. തിരുവോണത്തെ വരവേൽക്കാൻ അവസാനവട്ട ഒരുക്കങ്ങളിലേക്ക് മലയാളി കടക്കുന്ന ദിവസമാണ് ഉത്രാടദിനമായ ഇന്ന്. നാളത്തെ ആഘോഷത്തിനുള്ള സാധനങ്ങൾ വാങ്ങാനുള്ള തിരക്കിലാകും എല്ലാവരും. സദ്യയ്ക്കുള്ള വട്ടങ്ങളും മറ്റും വാങ്ങാനും ഓണക്കോടിയെടുക്കാനും പൂക്കളമൊരുക്കാൻ പൂ വാങ്ങാനുമെല്ലാം മലയാളികൾ ഓട്ടപാച്ചിൽ നടത്തും. അത്തം മുതൽ പത്ത് നാൾ നീളുന്ന ഓണം ഒരുക്കത്തിൽ, വിപണി ഏറ്റവും സജീവമാകുന്ന ദിവസമാണ് ഉത്രാടം. വൈകിട്ടാകും ഏറ്റവും തിരക്ക് അനുഭവപ്പെടുക. ഉത്രാടദിവസത്തെ പൂക്കളത്തിനുമുണ്ട് പ്രത്യേകത. ഏറ്റവും വലിയ പൂക്കളങ്ങൾക്ക് തുടക്കം കുറിക്കുന്നതും ഇന്നാണ്. നാടാകെ വിവിധ ക്ലബ്ബുകൾ കേന്ദ്രീകരിച്ചുള്ള ആഘോഷ പരിപാടികൾ പൊടിപൊടിക്കുകയാണ്. വടംവലി മുതൽ ഓണത്തല്ല് വരെ ഓണനാളുകളിലെ ആഘോഷങ്ങളിൽ നിറയും.

പൂരാട നാളിൽ

പൂരത്തിരക്ക്

പൂരാട ദിനമായ ഇന്നലെ വ്യാപാര സ്ഥാപനങ്ങളിലും മറ്റും വൻതിരക്കാണ് അനുഭവപ്പെട്ടത്. രാവിലെ തിരക്ക് അൽപ്പം കുറവായിരുന്നെങ്കിലും ഉച്ചക്കഴിഞ്ഞതോടെ നഗരത്തിലടക്കം തിരക്കേറി. പച്ചക്കറി, പലചരക്ക് കടകളിലും വസ്ത്രവ്യാപാര കടകളിലും വൻ തിരക്കായിരുന്നു. ഓണവിപണി ലക്ഷ്യമിട്ട് നിരവധി വഴിയോര കച്ചവടക്കാരും നിരത്തുകളിൽ നിരന്നിട്ടുണ്ട്. പച്ചക്കറി മുതൽ പലവ്യഞ്ജനങ്ങൾക്ക് വരെ വിപണിയിൽ തരക്കേടില്ലാത്ത വിലയാണ്. പച്ചക്കറിക്ക് പൊള്ളുന്ന വില ഇല്ലെങ്കിലും പലചരക്ക് വില ഏറെ കടുപ്പിക്കുന്നതാണ്. സർക്കാരിന്റെ ഓണച്ചന്തകളിൽ ആളുകളുടെ നീണ്ട നിരയാണ്. ഗൃഹോപകരണ വിപണിയിലും മൊബൈൽ ഫോൺ മേഖലയിലുമാണ് പ്രധാന തിളക്കം.

തൂശനിലയ്ക്ക്

ക്ഷാമം
ഓണത്തിന് ഓണസദ്യ ഒരുക്കം തകൃതിയായി നടക്കുമ്പോഴും വിഭവങ്ങൾ വിളമ്പുന്ന തൂശനിലയ്ക്ക് കടുത്ത ക്ഷാമമാണ്. ഉള്ളതിന് തന്നെ വലിയ ഡിമാന്റാണ്. ഒരിലയ്ക്ക് 10 രൂപ മുതൽ 12 രൂപ വരെ വിലയുണ്ട്. തൊടുപുഴ നഗരത്തിൽ രണ്ടോ മൂന്നോ സ്ഥലത്ത് മാത്രമാണ് ഇലകച്ചവടക്കാർ പ്രധാനമായും ഉള്ളത്. ഇവിടങ്ങളിൽ നിന്ന് കടക്കാരും മറ്റും വാങ്ങുന്നതോടെ മാർക്കറ്റിലെത്തുന്നവർ നിരാശരായി മടങ്ങുകയാണ്.

ഉഷാറിൽ

പൂവിപണി

ഇന്നലെ മുതലാണ് പൂ വിപണി കൂടുതൽ ഉഷാറായത്. പൂക്കളുടെ വില താങ്ങാൻ കഴിയാത്തവർക്കായി വിവിധ കളർ പൊടികളും വിപണിയിലിറക്കിയിട്ടുണ്ട്. കല്ലുപ്പിൽ നിറം കലർത്തി അത്തപ്പൂക്കളം തയ്യാറാക്കുന്നവരുണ്ട്. ഒരു പാക്കറ്റ് കളർ പൊടിക്ക് 10 രൂപ മുതലാണ് വില.

പായസം കുടിച്ചോണം

വഴിയോരങ്ങളിൽ താത്കാലികമായി പായസക്കച്ചവടവും പൊടിപൊടിച്ചു. വീടുകളിൽ നിന്ന് ഉണ്ടാക്കി കൊണ്ടു വന്ന പായസം ചെറിയ പാത്രങ്ങളിലാക്കിയായിരുന്നു വിൽപന. കൂടാതെ വിവിധ കേറ്ററിങ് ഗ്രൂപ്പുകളും പായസ വിൽപനയുമായി നഗരത്തിലിറങ്ങി.