നാഗപ്പുഴ: നാഗപ്പുഴ ശാന്തുകാട് സംരക്ഷിത കാവിൽ കാവ്സംരക്ഷണ സമിതിയുടേയും ക്ഷേത്രോപദേശക സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ഓണോത്സവ്- 2025 സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ ഒമ്പതിന് ദേവീതീർത്ഥം അന്നദാനമണ്ഡപത്തിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് കെ.എസ്. മനോജിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ മേള പ്രമാണി മുത്തോലപുരം രജീഷ് ഭദ്രദീപം കൊളുത്തുന്നതോടെ പരിപാടികൾക്ക് തുടക്കമാകും. പ്രൊഫ. വി.എസ്. റെജി ഓണസന്ദേശം നൽകും. സെക്രട്ടറി പി.ബി. ബിബിൻ സ്വാഗതവും ക്ഷേത്രോപദേശക സമിതി രക്ഷാധികാരി എം.ജി. രാജൻ നന്ദിയും പറയും. തുടർന്ന് പൂക്കളമിടീൽ, ചെണ്ടമേളം, ശ്രീഭദ്രാ തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിരകളി, സംഘനൃത്തം, ഓണപ്പാട്ടു മത്സരം, ഉറിയടി എന്നിവ അരങ്ങേറും. കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ മത്സരങ്ങൾ ഉണ്ടാകും. മത്സര വിജയികൾക്ക് സമ്മാനദാനം നടത്തും. ഉച്ചയ്ക്ക്‌ശേഷം ഓണസദ്യയോടെ പരിപാടികൾ അവസാനിക്കും. മാതൃസമിതി അംഗങ്ങളും ആഘോഷ കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകും.