കട്ടപ്പന: വീടുകൾ ചട്ടലംഘനമാണെന്നും ക്രമവത്കരിക്കണമെന്നുമുള്ള നിർദേശം മലയോര ജനതയെ രണ്ടാംകിട പൗരൻമാരാക്കുന്നതാണെന്നും ഈ നിർദേശം പിൻവലിക്കണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി. അപേക്ഷഫീസും മുദ്രപത്രത്തിന്റെ വിലയുമടച്ച് ക്രമവത്കരിക്കാനാണ് സർക്കാർ ആവശ്യപ്പെടുന്നത്. പട്ടയഭൂമിയിൽ വീടുകൾ നിർമ്മിക്കാൻ പാടില്ലെന്ന് ഒരു കോടതിയും പറഞ്ഞിട്ടില്ല. കാർഷിക ആവശ്യത്തിന് പതിച്ച് നൽകിയ ഭൂമിയിൽ റിസോർട്ട് നിർമ്മിക്കുന്നത് പട്ടയ വ്യവസ്ഥകളുടെ ലംഘനമാണെന്ന പിണറായി സർക്കാരിന്റെ നിലപാട് ശരിവെച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവാണ് നിലവിലുള്ളത്. ഈ കോടതി വിധിയെ തുടർന്നാണ് ജില്ലയിൽ ഭൂ പതിവ് നിയമം ലംഘിച്ചുള്ള നിർമാണം പാടില്ലെന്ന ഉത്തരവ് 2019 ആഗസ്റ്റ് 22ന് ഒന്നാം പിണറായി സർക്കാർ ഇറക്കിയത്. തുടർന്നാണ് ജില്ലയിലെ ഭൂ പ്രശ്നങ്ങൾ സങ്കീർണമാകുന്നത്. ജില്ലയിൽ നിലവിലുള്ള ഭൂ പ്രശ്നങ്ങളൊന്നും പരിഹരിക്കാൻ നിലവിലെ ചട്ടഭേദഗതി കൊണ്ട് കഴിയില്ല. നിർമ്മാണ നിരോധനം അതേ പടി തുടരും. ദുരന്തനിവാരണ നിയമപ്രകാരം നിർമ്മാണ നിയന്ത്രണമുള്ള 13 പഞ്ചായത്തുകളിലെ നിർമ്മാണങ്ങളും നിയമവിരുദ്ധമായി തുടരും. മുമ്പ് എല്ലാ അനുമതിയും വാങ്ങി അന്ന് അടയ്ക്കേണ്ട ഫീസും അടച്ച് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നമ്പർ ലഭിച്ച് നിലവിൽ നികുതിയടച്ച് ഒരു പ്രശ്നങ്ങളുമില്ലാതെ പ്രവർത്തിക്കുന്ന കെട്ടിടങ്ങൾ പിഴയടച്ച് ക്രമവത്കരിക്കാൻ പറയുന്നതല്ലാതെ ജില്ലയിലെ ഇപ്പോൾ നിലനിൽക്കുന്ന ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ എന്ത് നിർദേശങ്ങളാണ് ചട്ട ഭേദഗതിയിലുള്ളതെന്ന് ഇടതു നേതാക്കൾ വ്യക്തമാക്കണം. കട്ടപ്പനയിലേതടക്കമുള്ള ഷോപ്പ് സൈറ്റുകളുടെ വിതരണത്തെ ചട്ടഭേദഗതി പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു. പട്ടയ ഭൂമിയിലെ വാണിജ്യ നിർമ്മാണങ്ങൾ ഫെയർ വാല്യൂവിന്റെ അടിസ്ഥാനത്തിലും വീടുകൾ അപേക്ഷ ഫീസും മുദ്രപത്രത്തിന്റെ വിലയും ഈടാക്കി ക്രമവത്കരിക്കാനുള്ളതടക്കമുള്ള ജനദ്രോഹമായ ചട്ട ഭേദഗതി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡി.സി.സി വൈസ് പ്രസിഡന്റ് മുകേഷ് മോഹൻ, ബ്ലോക്ക് പ്രസിഡന്റ് തോമസ് മൈക്കിൾ, മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, യൂത്ത് കോൺഗ്രസ് ഉടുമ്പൻചോല നിയോജകമണ്ഡലം പ്രസിഡന്റ് ആനന്ദ് തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.