തൊടുപുഴ: മഴക്കെടുതികളും പഞ്ഞ കർക്കടവും പഴങ്കഥയാക്കി ഇന്ന് പൊന്നിൻചിങ്ങമാസത്തിലെ തിരുവോണം. സദ്യവട്ടങ്ങൾക്ക് വിഭവങ്ങൾ വാങ്ങാൻ പച്ചക്കറി കടകളിലെത്തിയവരും പൂക്കളമൊരുക്കാൻ വിവിധയിനം പൂക്കൾ വാങ്ങാൻ വന്നവരും ഒക്കെയായി ഉത്രാടദിനമായ ഇന്നലെ ഇടറോഡുകളിൽ വരെ ജനം നിറഞ്ഞു. ഇടയ്ക്ക് പെയ്ത മഴ അലോസരം സൃഷ്ടിച്ചെങ്കിലും തിരക്കിനൊട്ടും കുറവില്ലായിരുന്നു. ഓണം ഫെയറിലും കൈത്തറി വസ്ത്ര പ്രദർശനവിപണന മേളയിലും ഇന്നലെ രാത്രി വൈകും വരെ ജനങ്ങൾ കൂട്ടത്തോടെ എത്തി. സഹകരണ ബാങ്കുകളടക്കം നിരവധി സ്ഥാപനങ്ങൾ ന്യായ വിലയ്ക്ക് ഓണച്ചന്ത ഒരുക്കിയത് സാധാരണക്കാർക്ക് ആശ്വാസമായി. കുടുംബശ്രീ പച്ചക്കറികളും ജൈവപച്ചക്കറി വിപണന കേന്ദ്രങ്ങളും സജീവമായിരുന്നു. റെസിഡന്റ്‌സ് അസോസയേഷനുകളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ ജില്ലയിലെമ്പാടും ഓണാഘോഷ പരിപാടികൾ നടക്കുന്നുണ്ട്. സർക്കാർ ജീവനക്കാർക്കും മറ്റു സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും ശമ്പളവും ബോണസും ഒരുമിച്ചു കൈവന്നതോടെ എല്ലാം വാങ്ങിക്കൂട്ടാനുള്ള തിരക്കാണെങ്ങും. സർക്കാർ ഏജൻസികളും കുടുംബശ്രീകളും കൈത്തറി സംഘങ്ങളുമെല്ലാം 20 മുതൽ 30 ശതമാനം വരെ റിബേറ്റിലാണ് സാധനങ്ങൾ വിറ്റഴിക്കുന്നത്. അന്യസംസ്ഥാനക്കാരുൾപ്പെടെയുള്ള വഴിയോരക്കച്ചവടക്കാരും സജീവമാണ്.
കച്ചവട മൂഡ്
പൊതുവെ സാമ്പത്തിക മാന്ദ്യത്തിലായിരുന്ന വിപണി ഓത്തോടനുബന്ധിച്ച് ഉണർവിലാണ്. വ്യാപാരികളെല്ലാം ഓണക്കച്ചവടം മുന്നിൽകണ്ട് വൻ ഒരുക്കം നടത്തിയിരുന്നു. രണ്ട് ദിവസമായി വസ്ത്ര വ്യാപാര ശാലകളിലും പച്ചക്കറി മാർക്കറ്റിലും ഇലക്ട്രോണിക്‌സ് കടകളിലും വഴയോര കച്ചവടസ്ഥാപനങ്ങളിലും അനുഭവപ്പെടുന്ന തിരക്ക് ഇന്നലെ വൈകട്ടോടെ ഇരട്ടിയായി. പല കടക്കാരും ജനങ്ങളെ ആകർഷിക്കാൻ ഓണം ഓഫറുകളും കിഴിവുകളും സമ്മാനങ്ങളും ഏർപ്പെടുത്തിയിരുന്നു.
പായസം മൂഡ്
വഴയോരങ്ങളിൽ താത്കാലികമായി പായസക്കച്ചവടവും പൊടിപൊടിച്ചു. വീടുകളിൽ നിന്ന് ഉണ്ടാക്കി കൊണ്ടു വന്ന പായസം ചെറിയ പാത്രങ്ങളിലാക്കിയായിരുന്നു വിൽപന. കൂടാതെ വിവിധകേറ്ററിങ്ങ് ഗ്രൂപ്പുകളും പായസ വിൽപനയുമായി നഗരത്തിലിറങ്ങി.
പൂവിന് തീവില
ഒരാഴ്ചക്കുള്ളിൽ പൂക്കൾക്ക് മൂന്ന് ഇരട്ടി വിലയാണ് വർദ്ധിച്ചത്. നഗരത്തിൽ 25ലധികം സ്ഥലത്ത് പൂക്കളുടെ വഴയോര വിപണനം ഇന്നലെ നടന്നു. സദ്യ കഴിക്കാനുള്ള വാഴയിലയ്ക്കും ആവശ്യക്കാർ ധാരാളമായിരുന്നു. അന്യസംസ്ഥാനങ്ങളിൽ നിന്നുമെത്തിച്ച പൂക്കളുടെ വിൽപ്പനയും തൊടുപുഴ ഉൾപ്പെടെയുള്ള ടൗണുകളിൽ തകൃതിയാണ്. വിലയെത്ര ആയാലും കാണം വിറ്റും ഓണമുണ്ണണമെന്ന പഴമൊഴി അന്വർത്ഥമാക്കി നാടൊന്നാകെ ഓണാഘോഷത്തിനുള്ള ഒരുക്കങ്ങളിലാണ്.