പീരുമേട്:വാഗമണ്ണിൽ ട്രിപ്പ് ജീപ്പുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. കഴിഞ്ഞ ദിവസം നടന്ന വാഹനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. വാഗമൺ എസ്.എച്ച്
ഒ യുടെ നേതൃത്വത്തിൽ ട്രിപ്പ് ജീപ്പ് യൂണിയൻ നേതാക്കളുടെ യോഗം ചേർന്നു. അപകടങ്ങൾ ഒഴിവാക്കുന്നതിനും ടൗണിലെ ഗതാഗതം സുഗമമാക്കുന്നതിനും ലക്ഷ്യമിട്ട് യോഗത്തിൽ ചില സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു. ഈ നിർദേശങ്ങൾ എല്ലാ ട്രിപ്പ് ജീപ്പ് ഡ്രൈവർമാരും നിർബന്ധമായും പാലിക്കണമെന്ന് പൊലീസ് അറിയിച്ചു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
യോഗത്തിൽ കൃത്യമായ യാത്രാ റൂട്ട് നിർദേശിച്ചിട്ടുമുണ്ട്.

തീരുമാനങ്ങൾ ഇവ

വാഗമണ്ണിൽ ട്രിപ്പുകൾക്കായി ക്യാൻവാസിങ്ങ്, ആളുകളെ വിളിക്കുന്നത്, പൂർണ്ണമായും നിരോധിച്ചു. ഒരു ജീപ്പിൽ ഏഴ് പേരിൽ കൂടുതൽ യാത്രക്കാരെ കയറ്റാൻ പാടില്ല. വൈകുന്നേരം 5 ന് ശേഷം പുതിയ ട്രിപ്പുകൾ ആരംഭിക്കാൻ പാടില്ല. രാത്രി 8 ന് ശേഷം സൊസൈറ്റി കവല ഭാഗത്ത് ട്രിപ്പ് ജീപ്പുകൾക്ക് പാർക്ക് ചെയ്യാനോ ഓടിക്കാനോ അനുവാദമില്ല.ടൗൺ ഏരിയയിലും പരിസരങ്ങളിലും അമിതവേഗത പൂർണ്ണമായും നിയന്ത്രിക്കണം.

സി.ഐ.റ്റി.യു, ഐ.എൻ റ്റി.യു.സി, ബി. എം എസ്.,.എ.ഐ.റ്റി.യു.സി.എന്നീ ട്രേഡ് യൂണിയനുകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. അപകടരഹിതമായ യാത്ര ഉറപ്പാക്കാൻ ഈ നിയമങ്ങൾ പാലിക്കണമെന്ന് പൊലീസ് യൂണിയൻ നേതാളോട് ആവശ്യപ്പെട്ടു. വാഗമൺടൗണിൽ ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാകുന്നത് ഒഴിവാക്കാനും ഈ നിയന്ത്രണങ്ങൾ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ വ്യക്തമാക്കി.