തൊടുപുഴ: കെ.പി.എം.എസ് തൊടുപുഴ യൂണിയന്റെ നേതൃത്വത്തിൽ അയ്യൻകാളി ജയന്തി അവിട്ടാഘോഷം നാളെ തൊടുപുഴ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടക്കും. പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പുഷ്പാർച്ചന, ഘോഷയാത്ര, അനുസ്മരണ സമ്മേളനം എന്നിവയാണ് പ്രധാന പരിപാടികൾ. യൂണിയൻ - ശാഖാതല അംഗങ്ങൾ പങ്കെടുക്കുന്ന ഘോഷയാത്ര വൈകിട്ട് 3ന് മങ്ങാട്ട് കവല ബസ്റ്റാന്റിൽ നിന്നും ആരംഭിക്കും. ആറുമണിക്ക് അനുസ്മരണ സമ്മേളനം ആരംഭിക്കും. യൂണിയൻ പ്രസിഡന്റ് ശാന്തമ്മ ശിവൻകുട്ടി അദ്ധ്യക്ഷത വഹിക്കും. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ ദീപക്, കൗൺസിലർ ആർ ഹരി, തിരുവിതാംകൂർദേവസ്വം ബോർഡ് ഉപദേശകസമിതി കാരിക്കോട് ക്ഷേത്രം പ്രസിഡന്റ് കെ.പി ചന്ദ്രൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. കെ.പി.എം.എസ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ സാബു കൃഷ്ണൻ സഭാ സന്ദേശം നൽകും. തുടർന്ന് ഉപഹാര സമർപ്പണം, വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ചവരെ ആദരിക്കൽ എന്നിവ നടക്കും. വാർത്താ സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് ശാന്തമ്മ ശിവൻകുട്ടി, സെക്രട്ടറി പ്രകാശ് തങ്കപ്പൻ, അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ.എ പൊന്നപ്പൻ, പി.കെ ശശി എന്നിവർ പങ്കെടുത്തു.