തൊടുപുഴ: വർഷങ്ങളായി പൊതുസമൂഹം ഉന്നയിച്ചിരുന്ന ചോദ്യത്തിന് മറുപടിയായി. നിർമ്മാണം പൂർത്തീകരിച്ച മങ്ങാട്ടുകവല ഷോപ്പിങ് കോംപ്ലക്സ് ഞായറാഴ്ച്ച തുറന്ന് നൽകും. രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ കെ. ദീപക് അദ്ധ്യക്ഷത വഹിക്കും. പി.ജെ. ജോസഫ് എം.എൽ.എ താക്കോൽദാനവും, ഡീൻ കുര്യാക്കോസ് എം.പി പ്രവർത്തനോദ്ഘാടനവും നിർവ്വഹിക്കുന്നതാണെന്ന് നഗരസഭ ചെയർമാൻ കെ.ദീപക് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മുഖ്യാതിഥിയായി രാജ്യസഭാംഗം ഹാരീസ് ബീരാൻ പങ്കെടുക്കും. ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, മുൻസിപ്പൽ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കന്മാർ, വ്യാപാരിവ്യവസായി പ്രതിനിധികൾ, ബസ് ഓണേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, റെസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കുന്നതാണെന്നും ചെയർമാൻ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സനു കൃഷ്ണൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ കരീം, വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ജി രാജശേഖരൻ എന്നിവരും പങ്കെടുത്തു.
ലേലത്തിൽ വിറ്റഴിച്ചത്
28 മുറികൾ
ഗ്രൗണ്ട് ഫ്‌ളോറിൽ 43ഉം, ഫസ്റ്റ് ഫ്‌ളോറിൽ 41ഉം, സെക്കന്റ് ഫ്‌ളോറിൽ 41 മുറികളും ഉൾപ്പെടെ 125 മുറികളാണ് നിർമ്മിച്ചിട്ടുള്ളത്. ഇതിൽ ഗ്രൗണ്ട് ഫ്‌ളോറിൽ 12 മുറികളും ഫസ്റ്റ് ഫ്‌ളോറിൽ 16 മുറികളുമാണ് ലേലത്തിൽ നൽകിയിരിക്കുന്നത്. ഗ്രൗണ്ട് ഫോറും ഒന്നാം നിലയും പൂർണമായും വാണിജ്യ ആവശ്യങ്ങൾക്കാണ്. രണ്ടാംനില മുഴുവനായും സർക്കാർ സ്ഥാപനങ്ങൾക്കാണ്. മുമ്പ് ചില മുറികൾ ലേലം ചെയ്ത് നൽകിയിരുന്നെങ്കിലും തുറന്ന് പ്രവർത്തിക്കാനായിരുന്നില്ല. കോംപ്ലക്സ് തുറന്ന് പ്രവർത്തിക്കുന്നതോടെ കൂടുതൽ മുറികൾ പോകുമെന്നാണ്. അധികൃതരുടെ പ്രതീക്ഷ. കെട്ടിടത്തിന്റെ സിവിൽ വർക്കുകൾ നേരത്തെ പൂർത്തികരിച്ചിരുന്നെങ്കിലും ഇലക്ട്രിക് ജോലികൾ, ലിഫ്റ്റ്,ഫയർ സംവിധാനങ്ങൾ, വാട്ടർ ടാങ്ക്, പാർക്കിങ് ഏരിയ തുടങ്ങിയ പ്രവൃത്തികൾ പൂർത്തീകരിക്കാൻ ഉണ്ടായ സാങ്കേതിക തടസ്സങ്ങൾ മൂലം പ്രവർത്തനം തുടങ്ങാനായിരുന്നില്ല. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ വിവിധ ഘട്ടങ്ങളായി നടസം നീക്കിയതോടെയാണ് കോംപ്ലക്സ് പൂർണമായും പ്രവർത്തനം തുടങ്ങാൻ സാധിച്ചിരിക്കുന്നത്. കെട്ടിടം യഥാ സമയം തുറന്ന് നൽകി പ്രവർത്തിപ്പിക്കാത്തതിൽ നഗരസഭക്കെതിരെയും വ്യാപക വിമർശനമുയർന്നിരുന്നു. ഇതിനെല്ലാമാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.
കെ.എസ് ആർ.ടി.സി,
ദീർഘദൂര സ്വകാര്യബസ്
സർവീസുകളെത്തിക്കാനും ശ്രമം
ബസ് സ്റ്റാൻഡ് തുറക്കുന്നതോടെ ഇവിടെ നിന്നും കെ.എസ് ആർ.ടി.സി ബസ് സർവീസുകളും, ദീർഘദൂര സ്വകാര്യ ബസ് സർവീസുകളും ആരംഭിക്കാൻ പദ്ധതിയുണ്ട്. വൈക്കം - കൂത്താട്ടുകുളം ഭാഗത്തേക്കുള്ള സർവീസുകളാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഇതിന് പുറമേ മൂവാറ്റുപുഴ, കോതമംഗലം ഭാഗത്തേക്കുള്ള ദീർഘ ദൂര സർവീസുകൾ കൂടി ആരംഭിക്കാൻ ശ്രമം നടത്തും. മുമ്പ് വൈക്കം ഭാഗത്തേക്കുള്ള സർവീസുകൾ ഇവിടെ നിന്നും നടത്തിയിരുന്നതാണ്. ഇക്കാര്യം അടുത്തയാഴ്ച ചേരുന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ ചർച്ച ചെയ്ത ശേഷം നടപ്പാക്കാനാണ് നഗരസഭയുടെ ശ്രമം.