നെടുങ്കണ്ടം: ശ്രീനാരായണ ഗുരുദേവജയന്തി ഇന്ന് രാവിലെ മുതൽ പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിൽ ഭക്ത്യാദരപൂർവ്വം ആഘോഷിക്കും. രാവിലെ 8 ന് യൂണിയൻ ആസ്ഥാനത്ത് ശ്രീനാരായണ ഗുരുദേവന്റെ ഏഷ്യയിലെ ഏറ്റവും വലിയ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയായ സഹ്യാദ്രി നാഥനാരായണ ഗുരു പീഠത്തിൽ യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് പതാക ഉയർത്തും. തുടർന്ന് ശാഖാ കേന്ദ്രങ്ങളിൽ 8.30 ന് ശാഖാ പ്രസിഡന്റുമാർ പതാക ഉയർത്തും.
ഇത്തവണ യൂണിയനിനു കീഴിലുള്ള ശാഖകളെ നെടുംകണ്ടം, തൂക്കുപാലം, ഉടുമ്പൻചോല എന്നീ മൂന്ന് മേഖലകളിലായി തിരിച്ച് ചെണ്ടമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ വർണശബളമായ ചതയദിന ഘോഷയാത്രയും നടത്തും. രാവിലെ 9.30 ന് തൂക്കുപാലം മേഖല ഘോഷയാത്ര കല്ലാർ ശാഖയിലെ മുണ്ടിയെരുമ ഗുരുദേവ മന്ദിരത്തിൽ നിന്നും ആരംഭിച്ച് തൂക്കുപാലം ഉദയഗിരി ശാഖാങ്കണത്തിൽ സമാപിക്കും. കല്ലാർ, ഉദയഗിരി, രാമക്കൽമേട്, വിജയപുരം, പുഷ്പകണ്ടം, പാമ്പാടുംപാറ, തേർഡ്ക്യാമ്പ്, കുരുവിക്കാനം, പ്രകാശ്ഗ്രാം എന്നീ ശാഖകൾ തൂക്കുപാലം മേഖലാ ഘോഷയാത്രയിൽ പങ്കടുക്കും. ഉച്ചയ്ക്ക് 1.30 ന് നെടുങ്കണ്ടം മേഖലായ ഘോഷയാത്ര കല്ലാർ സഹ്യാദ്രിനാഥ ശ്രീനാരായണ ഗുരുപീഠത്തിൽ നിന്ന് അരംഭിച്ച് നെടുങ്കണ്ടം ഉമാമഹേശ്വര ഗുരുദേവ ക്ഷേത്രത്തിൽ സമാപിക്കും. വൈകിട്ട് 4 മണിക്ക് ഉടുമ്പൻചോല മാട്ടുത്താവളം മഹാദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ശാഖാങ്കണത്തിലെത്തി സമാപിക്കും. ഓരോ മേഖലകളിലും ചതയ സദ്യയും, പായസവിതരണവും നടത്തും. നെടുംകണ്ടം മേഖലാ ഘോഷയാത്രയിൽ നെടുങ്കണ്ടം, കൗന്തി, ചിന്നാർ, കോമ്പയാർ, മഞ്ഞപ്പാറ, ആനക്കല്ല്, മാവടി, പച്ചടി, മഞ്ഞപ്പെട്ടി എന്നീ ശാഖകൾ പങ്കെടുക്കും. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, യോഗം ബോർഡ് മെമ്പർ കെ.എൻ. തങ്കപ്പൻ, യൂണിയൻ കൗൺസിൽ അംഗങ്ങളായ എൻ. ജയൻ, പി മധു, സുരേഷ് ചിന്നാർ, സി.എം. ബാബു എന്നിവർ ചതയദിന സന്ദേശം നൽകും. മഹാ സമ്മേളനത്തിൽ വിദ്യാഭ്യാസ സ്‌കോളർഷിപ്പ് വിതരണവും ഗുരുകാരുണ്യ നിധി സമാഹരണവും നടത്തും.