തൊടുപുഴ: ഭൂ പതിവ് നിയമത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടുവന്നിട്ടുള്ള പുതിയ ചട്ടങ്ങളിൽ ജനദ്രോഹപരമായവ ഒഴിവാക്കി കാലാനുസൃതമായ പുതിയ ചട്ടങ്ങളിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്രി. വിഷയത്തിന്റെ ഗൗരവം ജനങ്ങളെ ബോധ്യപ്പെടുത്തന്നതിനായിതിങ്കളാഴ്ച മുതൽ 12-ാംതീയതിവരെ നെടുങ്കണ്ടം, രാജാക്കാട്, രാജകുമാരി, കുമളി, കട്ടപ്പന, അടിമാലി എന്നിവിടങ്ങളിൽ ബോധവത്ക്കരണ യോഗം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. എല്ലാ നിയമങ്ങളും പാലിച്ച് പട്ടയ ഭൂമിയിൽ കഴിഞ്ഞ 65 വർഷത്തോളമായി നിർമ്മിക്കപ്പെട്ട കെട്ടിടങ്ങളാണ് വൻ പിഴയൊടുക്കി ക്രമവൽക്കരിക്കേണ്ടി വരുന്നതെന്ന് പലർക്കും അറിയില്ല. നിയമങ്ങളും വ്യവസ്ഥകളും എല്ലാം പാലിച്ച് സർക്കാർ നിശ്ചയിച്ച എല്ലാ ഫീസുകളും നികുതികളും അടച്ച് നിർമ്മിക്കപ്പെട്ട കെട്ടിടങ്ങൾ മറ്റൊരു നിയമം നിർമ്മിച്ച് നിയമവിരുദ്ധമാക്കുകയും അതിനു പിഴ അടക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണ്.വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പതിനഞ്ചിന് തിരുവനന്തപുരത്ത് സെക്രട്ടറയേറ്റ് നടയിൽ സൂചനയായി രാവിലെ 11 മുതൽ സത്യാഗ്രഹ സമരം നടത്തുന്നതാണ്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര സമരം ഉദ്ഘാടനം ചെയ്യുമെന്നും ജില്ലാ പ്രസിഡന്റ് അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. ആർ. വിനോദ് , സെക്രട്ടറയേറ്റ് മെമ്പർ ഡയസ് ജോസ്, സെക്രട്ടറി ടി. സി. രാജു, ട്രഷറർ ആർ.രമേശ്, ഓർഗനെെസർ സിബി കൊല്ലംകുടി, നിയോജകമണ്ഡലം പ്രസിഡന്റ് എൻ,പി ചാക്കോ , ജില്ലാ സെക്രെട്ടറിയേറ്റ് മെമ്പർ സി.കെ നവാസ് എന്നിവരും പങ്കെടുത്തു.