തൊടുപുഴ: നഗരത്തിൽ എത്തുന്ന സ്വകാര്യ - കെ.എസ്.ആർ.ടി.സി ബസുകൾ മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് വരെ സർവീസ് നീട്ടണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്ബ് )മുൻസിപ്പൽ മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഈ ആവശ്യവുമായി ബന്ധപ്പെട്ട് മുമ്പ് ട്രാഫിക് അഡ്വൈസറി ബോർഡ് തീരുമാനം കൈകൊണ്ടിട്ടുള്ളതാണ്. കോടികൾ മുടക്കി പണി തീർത്ത ബസ്സ് സ്റ്റാൻഡ് കിഴക്കൻ മേഖലയുടെ വികസനത്തിന്റെ ഒരു നാഴിക കല്ലാണ്. അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന മങ്ങാട്ടുകവലയിലും പ്രദേശങ്ങളിലും എത്തിച്ചേരാൻ ഈ ക്രമീകരണം അത്യന്താപേക്ഷിതമാണ്. സാധാരണക്കാരുടെ ഏക ആശ്രയമായ ജില്ലാ ഹോസ്പിറ്റൽ, ജില്ലാ ആയുർവ്വേദ - മൃഗാശുപത്രി തുടങ്ങിയവയും വിവിധ ജില്ലാ - താലൂക്ക് ഓഫീസുകളും ഈ പ്രദേശത്തുണ്ട്. ഇവിടെ എത്തിച്ചേരുവാൻ സാധാരണക്കാർക്ക് ഏക മാർഗ്ഗമാണിത്. തീരുമാനം നടപ്പിലാക്കുവാൻ മുൻസിപ്പൽ ഭരണസമിതി മുൻകൈ എടുക്കണമെന്നും കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ജോബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ഷാഹുൽ പള്ളത്തുപറമ്പിൽ, കർഷക യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു വർഗ്ഗീസ്, യൂത്ത് ഫ്രണ്ട് ജില്ലാ ജനറൽ സെക്രട്ടറി റഫ്സിൻ സലിം, തൗഫീഖ്, ജൂലിയ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.